പെറുവിൽ ‘ഹാളണ്ട്’ തരംഗം, അർജന്റീനയിൽ ‘മെസ്സി’; ഫുട്ബോൾ താരങ്ങളുടെ പേരുകളുമായി പുതിയ തലമുറ തൊട്ടിലിലേക്ക്

ലോകകപ്പ് ഫുട്ബോൾ ആവേശം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ പുതിയൊരു തരംഗത്തിന് വഴിമാറുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഫുട്ബോൾ താരങ്ങളുടെ പേരുകൾ നവജാത ശിശുക്കൾക്ക് നൽകാനായി മാതാപിതാക്കൾ കൂട്ടത്തോടെ രംഗത്തെത്തുന്ന കാഴ്ചയാണ് ഇപ്പോൾ ലാറ്റിൻ അമേരിക്കയിൽ. മെസ്സിയും നെയ്മറും റൊണാൾഡോയും മാത്രമല്ല, ഇത്തവണ നോർവേയുടെ യുവ സ്ട്രൈക്കർ എർലിംഗ് ഹാളണ്ടിന്റെ പേരിനും വൻ ഡിമാൻഡാണ്.

പെറുവിലെ സിവിൽ രജിസ്ട്രി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, നൂറുകണക്കിന് കുഞ്ഞുങ്ങൾക്കാണ് നോർവീജിയൻ താരം എർലിംഗ് ഹാളണ്ടിന്റെ പേര് നൽകിയിരിക്കുന്നത്. ലോകകപ്പിലേക്ക് പെറു യോഗ്യത നേടിയിരുന്നില്ലെങ്കിലും, നോർവേ ടീമിന്റെ മികച്ച പ്രകടനവും ഹാളണ്ടിന്റെ ഗോൾ വേട്ടയും പെറുവിലെ ഫുട്ബോൾ പ്രേമികളെ ആകെ ആകർഷിച്ചിരിക്കുകയാണ്. ഇതിഹാസ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരുടെ പേരുകളിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം ഇതിനോടകം തന്നെ മുപ്പതിനായിരത്തോളം വരും. അതിശയിപ്പിക്കുന്ന കാര്യമെന്തെന്നാൽ, ഒരു കുഞ്ഞിന് ലോകകപ്പിന്റെ സ്പാനിഷ് ചുരുക്കപ്പേരായ “മുണ്ടിയാൽ” എന്ന് മാത്രമാണ് മാതാപിതാക്കൾ പേരിട്ടിരിക്കുന്നത്.

മറുവശത്ത്, സഹ-ആതിഥേയരായ മെക്സിക്കോയിൽ ഒരു കുഞ്ഞിന് മൂന്ന് ഫുട്ബോൾ താരങ്ങളുടെ പേരുകൾ ചേർത്താണ് മാതാപിതാക്കൾ പേരിട്ടിരിക്കുന്നത്. മെക്സിക്കൻ താരങ്ങളായ ജൂലിയൻ ക്വിനോണസ്, ഗിൽബെർട്ടോ മോറ, ഒപ്പം എർലിംഗ് ഹാളണ്ട് എന്നിവരെ കോർത്തിണക്കി “ക്വിനോണ ഇസിദ്ര മോറിറ്റ ഹാലണ്ട് ഗുവേര” എന്നാണ് പെൺകുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഈ ജനന സർട്ടിഫിക്കറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലാണ്.

ലോകകപ്പ് ഫൈനലിന് മുന്നോടിയായി അർജന്റീനയിലും സമാനമായ ട്രെൻഡ് തന്നെയാണ് ദൃശ്യമാകുന്നത്. അർജന്റീനയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ സാൽറ്റയിൽ കഴിഞ്ഞ ആഴ്ചകളിൽ ജനിച്ച ആൺകുട്ടികളിൽ ഭൂരിഭാഗത്തിനും ടീം ക്യാപ്റ്റൻ ലയണൽ മെസ്സി, മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ്, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് എന്നിവരുടെ പേരുകളാണ് നൽകിയിട്ടുള്ളത്.

“1986-ൽ ഡീഗോ മറഡോണയുടെ ‘ഹാൻഡ് ഓഫ് ഗോഡ്’ ഗോളിന്റെ കാലം മുതൽ ലാറ്റിൻ അമേരിക്കയിൽ ഈ പ്രവണതയുണ്ട്. മുൻപ് ‘ബാക്ക്‌സ്ട്രീറ്റ് ബോയ്സ്’ പോപ്പ് ബാൻഡ് തരംഗമായപ്പോൾ കുട്ടികൾക്ക് കെവിൻ എന്നും ബ്രയാൻ എന്നും പേരിട്ടിരുന്നു. എന്നാൽ കുട്ടികൾക്ക് ഇത്തരം പേരുകൾ നൽകുന്നത് ഭാവിയിൽ അവർക്ക് ഒരു സമ്മർദ്ദമായേക്കാം. മെസ്സി എന്ന് പേരിട്ടതുകൊണ്ട് മാത്രം ആരും ഒരു നല്ല ഫുട്ബോൾ കളിക്കാരനാകില്ല,” എന്ന് മെക്സിക്കോയിലെ പ്രമുഖ പോഡ്‌കാസ്റ്റ് അവതാരകയായ ഫാബിയോള മോളിന ഓർമ്മിപ്പിക്കുന്നു.

എന്തായാലും കളിക്കളത്തിലെ ലോകകപ്പ് ആവേശം കഴിഞ്ഞാലും, ഈ ‘ഫുട്ബോൾ കുഞ്ഞുങ്ങളിലൂടെ’ ലോകകപ്പിന്റെ ഓർമ്മകൾ വരും തലമുറകളിലും സജീവമായി നിലനിൽക്കുമെന്നുറപ്പാണ്.

‘Haaland’ wave in Peru, ‘Messi’ in Argentina; The new generation is named after football stars

More Stories from this section

family-dental
witywide