ഐസിഇ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചതിന് പിന്നാലെ ഹെയ്തി യുവതി തണുത്തുറഞ്ഞു മരിച്ച സംഭവം ‘കൊലപാതകം’: മെഡിക്കൽ എക്സാമിനർ

പിറ്റ്‌സ്‌ബർഗ്: യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ICE) കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചതിന് പിന്നാലെ, ഹെയ്തി സ്വദേശിനിയായ യുവതി പെൻസിൽവാനിയയിൽ തണുത്തുറഞ്ഞു മരിച്ച സംഭവം കൊലപാതകമാണെന്ന് മെഡിക്കൽ എക്സാമിനറുടെ ഔദ്യോഗിക വിധി. കടുത്ത മാനസികാരോഗ്യ വെല്ലുവിളികൾ നേരിട്ടിരുന്ന ഡാഫി മിഷേൽ (31) എന്ന യുവതിയുടെ മരണത്തിലാണ് അലിഗെനി കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് നിർണായക റിപ്പോർട്ട് പുറത്തുവിട്ടത്. മറ്റൊരാളുടെ പ്രവൃത്തിയോ അല്ലെങ്കിൽ കൃത്യമായ വീഴ്ചയോ കാരണമാണ് മരണം സംഭവിച്ചതെന്നാണ് ഈ വിധി വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 27-നാണ് കടുത്ത ശൈത്യത്തിനിടയിൽ ആവശ്യത്തിന് വസ്ത്രങ്ങൾ പോലുമില്ലാതെ മിഷേലിനെ ഐസിഇ ഉദ്യോഗസ്ഥർ പിറ്റ്‌സ്‌ബർഗിലെ ഒരു ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടത്. ഇംഗ്ലീഷ് ഭാഷ ഒട്ടും കൈകാര്യം ചെയ്യാൻ അറിയാത്ത ഇവർ, അപരിചിതമായ നഗരത്തിലെ കടുത്ത തണുപ്പിൽ ദിവസങ്ങളോളം തെരുവിൽ അലയേണ്ടി വന്നു. തുടർന്ന് മാർച്ച് 2-ന് ബസ് സ്റ്റോപ്പിന് സമീപം കടുത്ത ഹൈപ്പോതെർമിയ (ശരീര താപനില താഴുന്ന അവസ്ഥ) ബാധിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത തണുപ്പ് കാരണം ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഗുരുതരമായ മാനസികരോഗമുള്ള, ഭാഷയറിയാത്ത ഒരു യുവതിയെ കടുത്ത തണുപ്പുകാലത്ത് തെരുവിൽ ഉപേക്ഷിച്ചത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ വീഴ്ചയാണെന്ന് മെഡിക്കൽ എക്സാമിനർ ചൂണ്ടിക്കാണിച്ചു. മിഷേലിൻ്റെ സ്വന്തം വീട് വെറും 40 മിനിറ്റ് മാത്രം ദൂരത്തുണ്ടായിരുന്നിട്ടും അവരെ സുരക്ഷിതമായി എത്തിക്കാതെ ശൈത്യകാലത്ത് റോഡിൽ ഉപേക്ഷിച്ച ഐസിഇ അധികൃതർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബത്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി.

എന്നാൽ ഈ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇമിഗ്രേഷൻ വിഭാഗത്തിൻ്റെ വാദം. മോചിപ്പിക്കുന്ന സമയത്ത് മിഷേലിൻ്റെ കൈവശം ഫോണും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നുവെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി. അല്പം മാനുഷിക പരിഗണന നൽകിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരന്തമാണിതെന്ന് യു.എസ് പ്രതിനിധി സമ്മർ ലീ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചു . സംഭവം യു.എസിൽ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്

Haitian woman found dead after being released from ICE custody is ‘homicide’: Medical Examiner

More Stories from this section

family-dental
witywide