അമേരിക്കയെയും ഇസ്രായേലിനെയും നേരിടാൻ ചൈനയിൽ നിന്ന് വ്യോമപ്രതിരോധ ആയുധങ്ങൾ എത്തിക്കാൻ ഇറാൻ; വിതരണം പാകിസ്താൻ വഴി

അമേരിക്കയുമായും ഇസ്രായേലുമായും നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങൾക്കിടയിൽ തങ്ങളുടെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാൻ ഇറാൻ ചൈനയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതായി റിപ്പോർട്ട്. തോളിൽ വെച്ച് തൊടുക്കാവുന്ന ചൈനീസ് നിർമ്മിത വ്യോമ പ്രതിരോധ മിസൈൽ ലോഞ്ചറുകൾ (MANPADS) അടുത്ത ആഴ്ചകളിൽ തന്നെ ഇറാനിലെത്തും. QW12, FN16 എന്നീ ഇനത്തിൽപ്പെട്ട 300 മുതൽ 400 വരെ മിസൈൽ ലോഞ്ചറുകളാണ് ആദ്യ ഘട്ടത്തിൽ എത്തിക്കുന്നത്. 60 മുതൽ 70 മില്യൺ ഡോളർ വരെ വിലമതിക്കുന്നതാണ് ഈ സൈനിക കരാറെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളിൽ ഇറാന്റെ മിസൈൽ, ഡ്രോൺ കേന്ദ്രങ്ങൾക്ക് നേരെ സുരക്ഷാ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് ഹ്രസ്വദൂര വ്യോമ പ്രതിരോധം ശക്തമാക്കാൻ ഇറാൻ നീക്കം ആരംഭിച്ചത്. ഹോങ്കോംഗ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് ഈ ഇടപാടിന് പിന്നിൽ പ്രവർത്തിക്കുന്നത്. ചൈനയിലെ ഉറുംഖിയിൽ നിന്ന് വിമാനമാർഗ്ഗം പാകിസ്താൻ വഴി ഇറാനിലേക്ക് മിസൈലുകൾ എത്തിക്കാനാണ് പദ്ധതിയെന്നും വാർത്തകളിൽ വ്യക്തമാക്കുന്നു.

അതേസമയം, ആയുധക്കൈമാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ചൈനയും പാകിസ്താനും പ്രതികരിച്ചു. ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കുന്നതിൽ പങ്കുണ്ടെന്ന റിപ്പോർട്ടുകൾ പാകിസ്താൻ സൈന്യവും നിഷേധിച്ചിട്ടുണ്ട്. മേഖലയിൽ ഏപ്രിൽ മുതൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പുതിയ നീക്കം.

Iran To Procure Chinese Air Defence Missiles Via Pakistan To Counter US Threat

More Stories from this section

family-dental
witywide