കോഴിക്കോട്: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടി ചരിത്രം സൃഷ്ടിച്ച കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ കെ. വിനോദ്. ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡലാണ് വിദർശയും സംഘവും കരസ്ഥമാക്കിയത്. ഇതോടെ ഷൂട്ടിങ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിത എന്ന അപൂർവ നേട്ടവും വിദർശ സ്വന്തമാക്കി.
വിദർശ വിനോദ്, എളവേണിൽ വാളറിവൻ, സോനം മസ്കർ എന്നിവരടങ്ങിയ ടീമാണ് ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ കരസ്ഥമാക്കിയത്. ഞായറാഴ്ച നഗോയയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ സംഘം ആകെ 1898.0 പോയിൻ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. 1904.2 എന്ന ലോക റെക്കോർഡ് സ്കോറോടെ ഒന്നാം സ്ഥാനം നേടിയ ചൈനയ്ക്കാണ് സ്വർണം. ജപ്പാൻ ടീം വെങ്കലം കരസ്ഥമാക്കി.
ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ഏഴ് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവും അടക്കം 22 മെഡലുകൾ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഷൂട്ടിങ് സംഘത്തിന് ഐച്ചി-നഗോയയിലും മികച്ചൊരു തുടക്കമാണ് ഈ വെള്ളി മെഡൽ നേട്ടം നൽകിയിരിക്കുന്നത്. കോഴിക്കോട് തിരുവമ്പാടി കൊച്ചാലുങ്കൽ വിനോദിന്റെയും അനിത വിനോദിൻ്റെയും മകളാണ് വിദർശ.
Historic achievement in Asian Games shooting; Malayali Vidarsha K. Vinod wins silver medal.










