
സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ പ്രഖ്യാപനവുമായി സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ്. കോൺസുലേറ്റിന്റെ വിവിധങ്ങളായ 12 ജനറൽ സേവനങ്ങൾ നവംബർ 1 മുതൽ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. ഇതോടെ, അമേരിക്കയിൽ ഈ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ നയതന്ത്ര കാര്യാലയമായി സാൻഫ്രാൻസിസ്കോ കോൺസുലേറ്റ് മാറും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ ദർശനത്തിന്റെ ഭാഗമായാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. സേവനങ്ങൾ കൂടുതൽ ലളിതവും വേഗതയേറിയതുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോൺസുലേറ്റിന്റെ ‘ഇ-സേവ’ പോർട്ടൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അപേക്ഷകർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും, അപേക്ഷകൾ സമർപ്പിക്കാനും, ആവശ്യമായ അനുബന്ധ രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യാനും സാധിക്കും.
ഓൺലൈൻ വഴി ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ
- വിവാഹ രജിസ്ട്രേഷൻ
- ഇന്ത്യൻ പൗരന്മാർക്കുള്ള ജനന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ
- ഇന്ത്യൻ, യു.എസ് രേഖകളുടെ സാക്ഷ്യപ്പെടുത്തൽ
- പവർ ഓഫ് അറ്റോർണി, വിൽപ്പത്രം, സത്യവാങ്മൂലം എന്നിവയുൾപ്പെടെയുള്ള നിയമപരമായ രേഖകളുടെ സാക്ഷ്യപ്പെടുത്തൽ
- യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ആവശ്യങ്ങൾക്കായുള്ള സർട്ടിഫിക്കറ്റുകൾ
- 10, 12 ക്ലാസുകളിലെ വിദ്യാഭ്യാസ യോഗ്യതാ തുല്യതാ സർട്ടിഫിക്കറ്റുകൾ
- നോൺ-പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റുകൾ
- എൻ.ആർ.ഐ സർട്ടിഫിക്കറ്റുകൾ
- വിദേശ പൗരന്മാർക്കായുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ
- ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റുകൾ വീണ്ടും ലഭ്യമാക്കൽ (Reissuance of IDP)
- സ്റ്റേജ് III ‘നോറി’ (NORI) സർട്ടിഫിക്കറ്റുകൾ
ഈ സേവനങ്ങൾ ആവശ്യമുള്ള അപേക്ഷകർക്ക് കോൺസുലേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (https://cgisf.gov.in) സന്ദർശിച്ച് ഇ-സേവ (eSEWA) പ്ലാറ്റ്‌ഫോം ഉപയോഗിക്കാനുള്ള കൂടുതൽ നിർദ്ദേശങ്ങൾ മനസ്സിലാക്കാവുന്നതാണ്.
Historic reform at the Indian Consulate in San Francisco; consular services are becoming fully digital.















