
ഒഹായോ): യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെയും ഗവർണർ സ്ഥാനാർത്ഥി വിവേക് രാമസ്വാമിക്കെതിരെയും രൂക്ഷവിമർശനവുമായി മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഒഹായോയിൽ നടന്ന വൻ ജനമുന്നേറ്റ റാലിയിലാണ് റിപ്പബ്ലിക്കൻമാരുടെ രാഷ്ട്രീയ തരംതാഴലിനെതിരെ ഒബാമ ആഞ്ഞടിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ആമി ആക്ടനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ വിവേക് രാമസ്വാമി പുറത്തുവിട്ട പുതിയ പ്രചാരണ പരസ്യമാണ് നിലവിൽ യുഎസ് രാഷ്ട്രീയത്തിൽ വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
“രാഷ്ട്രീയ നേട്ടങ്ങൾക്കായി അയാൾക്ക് ഇനിയും എത്ര വേണമെങ്കിലും തരംതാഴാം. വിവേക് രാമസ്വാമി ലംഘിക്കാത്ത അതിരുകളില്ല,” എന്ന് ഒബാമ റാലിയിൽ പറഞ്ഞു. ആമി ആക്ടന്റെ കുട്ടിക്കാലത്തെ ദാരിദ്ര്യവും അവർ നേരിട്ട പീഡനങ്ങളും ചൂഷണം ചെയ്യുന്നതാണ് രാമസ്വാമിയുടെ പരസ്യം. പൊതുപ്രവർത്തകരിൽ നിന്നും മിനിമം മര്യാദ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പെരുമാറ്റച്ചട്ടങ്ങൾ ഇത്രത്തോളം താഴേക്ക് പോയതിൽ ഖേദമുണ്ടെന്നും ഒബാമ കൂട്ടിച്ചേർത്തു.
ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ആമി ആക്ടന്റെ അമ്മ ഡോണ ആർതറെ ഉൾപ്പെടുത്തിക്കൊണ്ടാണ് വിവേക് രാമസ്വാമി പരസ്യം നിർമ്മിച്ചിരിക്കുന്നത്. ആമി ഒരു “കള്ളി” ആണെന്നും അവർക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നുമാണ് സ്വന്തം അമ്മയെക്കൊണ്ട് പരസ്യത്തിൽ പറയിപ്പിക്കുന്നത്. എന്നാൽ, കുട്ടിക്കാലത്ത് രണ്ടാനഛനിൽ നിന്ന് ക്രൂരമായ ലൈംഗിക പീഡനം നേരിട്ടതിനെ തുടർന്ന് കോടതി ഇടപെട്ടാണ് ആമിയെ അമ്മയിൽ നിന്ന് മാറ്റിയത്. അന്ന് കുറ്റവാളിയായ ഭർത്താവിനൊപ്പം ഒളിച്ചോടിയ അമ്മയെ 12-ാം വയസ്സിന് ശേഷം താൻ കണ്ടിട്ടില്ലെന്ന് ആമി ആക്ടൻ വ്യക്തമാക്കി. തന്റെ പരാജയഭീതി പൂണ്ട രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി രാമസ്വാമി സ്വന്തം കുട്ടിക്കാലത്തെ ക്രൂരമായി വേട്ടയാടുകയാണെന്ന് ആമി ആരോപിച്ചു.
പരസ്യത്തെ പിന്തുണച്ച് ട്രംപ്
വിവാദ പരസ്യം പിൻവലിക്കണമെന്ന് ഒഹായോയിലെ നിലവിലെ റിപ്പബ്ലിക്കൻ ഗവർണർ മൈക്ക് ഡിവിൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും വിവേക് രാമസ്വാമി ഇതിന് തയ്യാറായിട്ടില്ല. അതേസമയം, പരസ്യത്തെ പൂർണ്ണമായി പിന്തുണച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും രംഗത്തെത്തി. ആമിയുടെ അമ്മ തന്നെ മകൾക്കെതിരെ രംഗത്തുവന്നതിനേക്കാൾ വലിയ സർട്ടിഫിക്കറ്റ് വേറെയില്ലെന്നായിരുന്നു വെസ്റ്റ് പാം ബീച്ചിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ട്രംപിന്റെ പ്രതികരണം.
വിലക്കയറ്റം തടയുന്നതിൽ പരാജയപ്പെട്ട ട്രംപ് വൈറ്റ് ഹൗസ് നവീകരിക്കുന്നതിലാണ് ശ്രദ്ധ കൊടുക്കുന്നതെന്ന് ഒബാമ പരിഹസിച്ചു. “വൈറ്റ് ഹൗസ് ഇപ്പോൾ കണ്ടാൽ സദ്ദാം ഹുസൈൻ ഒരു ചീസ് കേക്ക് ഫാക്ടറി തുറന്നതുപോലെ തോന്നും. സ്വർണ്ണം പൂശിയ കെട്ടിടങ്ങൾ നിർമ്മിക്കാനല്ല പ്രസിഡന്റിനെ തിരഞ്ഞെടുത്തത്,” ഒബാമ പറഞ്ഞു. ട്രംപിന്റെ കാലാവധി തീരാൻ ഇനിയും രണ്ട് വർഷമുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ജനവിരുദ്ധരായ കൂട്ടാളികളെ ഈ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വോട്ടർമാർക്ക് സാധിക്കുമെന്നും ഒബാമ ഓർമ്മിപ്പിച്ചു.
ഒഹായോയിലെ റാലിക്ക് ശേഷം മിഷിഗണിലേക്ക് തിരിച്ച ഒബാമ, വരും ദിവസങ്ങളിൽ ജോർജിയ ഉൾപ്പെടെയുള്ള മറ്റ് നിർണ്ണായക സംസ്ഥാനങ്ങളിലും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കായി വോട്ട് അഭ്യർത്ഥിക്കും.
Barack Obama lashes out at Vivek Ramaswamy amid Ohio gubernatorial race.















