എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങുമായുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത ബന്ധം ഇപ്പോൾ വൈറ്റ് ഹൗസിന് തലവേദനയാകുന്നു. ഹുവാങ്ങിനെ ചുറ്റിപ്പറ്റിയുള്ള ലൈംഗിക വിവാദവും ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സംശയങ്ങളുമാണ് അമേരിക്കൻ ഭരണകൂടത്തിന് മേൽ സമ്മർദം ശക്തമാക്കുന്നത്. ട്രംപുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചുരുക്കം ചില വ്യവസായ പ്രമുഖരിൽ ഒരാളായിരുന്നു ഹുവാങ്. ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ബ്രിട്ടൻ സന്ദർശനത്തിലും ചൈനാ യാത്രയ്ക്കായി എയർഫോഴ്സ് വണ്ണിലും ഹുവാങ് ട്രംപിനൊപ്പം യാത്ര ചെയ്തു. അമേരിക്കയുടെ അത്യാധുനിക സാങ്കേതികവിദ്യ ചൈനയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട നയരൂപീകരണത്തിലും ഹുവാങിന് വലിയ സ്വാധീനമുണ്ടായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ നിർണായക ചിപ്പുകൾ നിർമിക്കുന്ന എൻവിഡിയയുടെ ഉൽപ്പന്നങ്ങൾ ചൈനയ്ക്ക് വിൽക്കുന്നതിന് 2022 മുതൽ അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ സൈനികശേഷി വർധിപ്പിക്കാൻ ഇത്തരം ചിപ്പുകൾ സഹായിക്കുമെന്ന ആശങ്കയിലായിരുന്നു നടപടി. എന്നാൽ നിയന്ത്രണങ്ങൾ അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു ഹുവാങ്ങിന്റെ വാദം.
ചൈനീസ് വിപണിയിൽനിന്ന് എൻവിഡിയ പുറത്താകുമെന്നും ചൈന സ്വന്തം ചിപ്പുകൾ വികസിപ്പിക്കാൻ കൂടുതൽ ശ്രമിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് കഴിഞ്ഞ വർഷം ചില ചിപ്പുകളുടെ വിൽപ്പന പുനരാരംഭിക്കാൻ ട്രംപ് അനുമതി നൽകിയിരുന്നു. എന്നാൽ ഏറ്റവും നൂതനമായ ബ്ലാക്ക്‌വെൽ ചിപ്പുകൾക്ക് വിലക്ക് തുടരുകയാണ്. ഇതിനിടെയാണ് ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള വിവാദം പുറത്തുവന്നത്. സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് കമ്പനിയുടെ മുൻ എക്സിക്യൂട്ടീവായ ആലീസ് ഹുവാങ്ങുമായുള്ള ബന്ധമാണ് ചർച്ചയായത്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ആലീസ് ഹുവാങ്ങിന് ബന്ധമുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നതായാണ് റിപ്പോർട്ട്.
എന്നാൽ ആരോപണങ്ങൾ ചൈന നിഷേധിച്ചു. കമ്പനിയുടെ രഹസ്യവിവരങ്ങളോ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളോ ചോർന്നതായി തെളിവില്ലെന്നാണ് എൻവിഡിയയുടെ ഡയറക്ടർ ബോർഡിന്റെ നിലപാട്. എന്നാൽ വിവാദം അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിലേക്കും നീളുകയാണ്. അമേരിക്കയുടെ നിർണായക സാങ്കേതികവിദ്യകളുടെ കയറ്റുമതി നിയന്ത്രിക്കാനുള്ള ചുമതല അദ്ദേഹത്തിന്റെ വകുപ്പിനാണ്. ചിപ്പുകൾ ചൈനയിലേക്ക് വഴിതിരിച്ചുവിടാൻ സഹായിച്ചെന്ന് സംശയിക്കുന്ന മെഗാസ്പീഡിനെതിരായ അന്വേഷണവും ഇതേ വകുപ്പിന്റെ പരിധിയിലായിരുന്നു.
ആലീസ് ഹുവാങ്ങിനെയും മെഗാസ്പീഡിനെയും സംബന്ധിച്ച ആശങ്കകൾ വിശദീകരിക്കുന്ന അതീവ രഹസ്യ റിപ്പോർട്ട് ലുട്നിക്കിന് കൈമാറിയിരുന്നെങ്കിലും കമ്പനിക്കെതിരെ നടപടിയെടുത്തില്ലെന്നാണ് ആരോപണം. മെഗാസ്പീഡിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. എൻവിഡിയയുടെ ഇടപെടലിനെത്തുടർന്ന് മെഗാസ്പീഡിനെതിരായ അന്വേഷണം വാണിജ്യ വകുപ്പ് നിർത്തിവെച്ചതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
എൻവിഡിയയുടെ നിയമവിഭാഗം മേധാവി അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനു പിന്നാലെയാണ് നടപടിയുണ്ടായതെന്നാണ് റിപ്പോർട്ട്. പിന്നീട് കേസ് നീതിന്യായ വകുപ്പിന് കൈമാറി. ചൈനയോടുള്ള നയത്തിൽ ട്രംപ് ഭരണകൂടത്തിനുള്ളിലെ ഭിന്നതയും ഇതോടെ പുറത്തുവന്നു. ചൈനീസ് വിപണിയിൽ എൻവിഡിയയ്ക്ക് പ്രവേശനം വേണമെന്നായിരുന്നു ഹുവാങ്ങിന്റെ നിലപാട്. എന്നാൽ ചിപ്പുകൾ ചൈനയിലെത്തുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് മറ്റ് ഉദ്യോഗസ്ഥർ ആശങ്കപ്പെട്ടു. വിഷയത്തിൽ ഇപ്പോൾ ഇരുപാർട്ടികളിലെയും കോൺഗ്രസ് അംഗങ്ങൾ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ചൈനീസ് കമ്പനികൾക്ക് എഐ ചിപ്പുകൾ വാങ്ങാൻ അനുമതി നൽകിയതിനു പിന്നിലെ പരിശോധനകൾ സംബന്ധിച്ച് ഡെമോക്രാറ്റുകൾ അന്വേഷണം ആരംഭിച്ചു. റിപ്പബ്ലിക്കൻ അംഗങ്ങളും ഭരണകൂടത്തിന്റെ നടപടികളെ ചോദ്യം ചെയ്യുന്നുണ്ട്. ചൈനയുമായി ബന്ധപ്പെട്ട ഹൗസ് സെലക്ട് കമ്മിറ്റിയുടെ അധ്യക്ഷൻ ജോൺ മുളീനാർ, അമേരിക്കൻ എഐ കമ്പനികളുടെ വളർച്ച രാജ്യതാൽപര്യമാണെങ്കിലും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ ചൈനീസ് കമ്പനികൾക്ക് നൂതന ചിപ്പുകൾ നൽകാൻ പാടില്ലെന്ന് വ്യക്തമാക്കി. ഹുവാങ്ങിന്റെ രാജി ഉത്തരവാദിത്തത്തിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കില്ലെന്ന് സെനറ്റർ എലിസബത്ത് വാറനും പറഞ്ഞു. കയറ്റുമതി നിയന്ത്രണങ്ങളിലെ പഴുതുകൾ അടയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് വാണിജ്യ സെക്രട്ടറി ലുട്നിക് വിശദീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, കോൺഗ്രസ് അംഗങ്ങളുടെ ആവശ്യപ്രകാരം അടച്ചിട്ട മുറിയിൽ മൊഴി നൽകാൻ ഹുവാങ് തയ്യാറാണെന്ന് അദ്ദേഹത്തിന്റെ സംഘം അറിയിച്ചിട്ടുണ്ട്. ലുട്നിക്കിന് ട്രംപിന്റെ പൂർണ പിന്തുണയുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾ കൊണ്ടുവന്ന വാണിജ്യ സെക്രട്ടറിയാണ് ലുട്നിക്കെന്നും വൈറ്റ് ഹൗസ് ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. എന്നാൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കുന്നതിനെക്കുറിച്ച് ഭരണകൂടം ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഹുവാങ്ങുമായുള്ള അടുത്ത ബന്ധവും ചൈനയിലേക്കുള്ള ചിപ്പ് വിൽപ്പന സംബന്ധിച്ച തീരുമാനങ്ങളിൽ ട്രംപിനുണ്ടായിരുന്ന പങ്കും വിവാദത്തിന്റെ കേന്ദ്രത്തിലാണ്. ഹുവാങ്ങിനെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ട്രംപിനെ അറിയിച്ചിരുന്നതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹുവാങ്ങിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദത്തിൽ തുടങ്ങിയ വിഷയം ഇപ്പോൾ വൈറ്റ് ഹൗസിന്റെ ഉത്തരവാദിത്തത്തിലേക്കും നീളുകയാണ്. ഹുവാങ്ങിന് ട്രംപിൽ എത്രത്തോളം സ്വാധീനമുണ്ടായിരുന്നു? ചൈനീസ് ബന്ധങ്ങളെക്കുറിച്ച് പ്രസിഡന്റിന് എന്തറിയാമായിരുന്നു? അമേരിക്കയുടെ നിർണായക സാങ്കേതികവിദ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയത് ആരാണ്? തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.
How a sex scandal at Nvidia is putting pressure on the White House











