ഇറാൻ യുദ്ധം പുനരാരംഭിക്കാൻ ട്രംപിൽ സമ്മർദം ചെലുത്തി നെതന്യാഹു; മൊസാദ് മേധാവി യുഎസിൽ

ഇറാനെതിരായ സൈനിക നടപടി പുനരാരംഭിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൽ സമ്മർദം ചെലുത്തുന്നതിനിടെ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ മേധാവി റോമൻ ഗോഫ്മാൻ വാഷിങ്ടണിലെത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരമാണ് സന്ദർശനമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ വാർത്താ വെബ്സൈറ്റായ ആക്സിയോസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വാഷിങ്ടണിൽ സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫുമായി ഗോഫ്മാൻ കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി ചർച്ച നടത്താൻ മയാമിയിലേക്കും പോകുമെന്നാണ് റിപ്പോർട്ട്. ഇറാൻ യുദ്ധം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപും നെതന്യാഹുവും തമ്മിൽ രൂക്ഷമായ ഫോൺ സംഭാഷണം നടന്നെന്ന റിപ്പോർട്ടുകൾ വ്യാഴാഴ്ച നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചിരുന്നു. വാർത്തകൾ വ്യാജവും അസംബന്ധവുമാണെന്നായിരുന്നു പ്രതികരണം.

എന്നാൽ, ഇറാൻ വിഷയത്തിൽ ഇരുവരും തമ്മിൽ നടന്ന ഫോൺ സംഭാഷണം അസാധാരണമായ രീതിയിൽ സംഘർഷഭരിതമായിരുന്നുവെന്ന് ഇസ്രയേൽ മാധ്യമമായ യെനെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, സംഭാഷണം പ്രയാസകരമായിരുന്നില്ലെന്നാണ് ഇസ്രയേൽ ഉദ്യോഗസ്ഥന്റെ വിശദീകരണം. ഇറാനുമായുള്ള ചർച്ചകളിൽ അനുകൂല പുരോഗതിയുണ്ടെന്നും പുതിയ ആക്രമണങ്ങൾ തൽക്കാലം ഒഴിവാക്കാൻ തയ്യാറാണെന്നും ട്രംപ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു പ്രഖ്യാപനം.

ഇറാന്റെ ഭരണകൂടം വീഴാതെ ആണവ ഭീഷണി പൂർണമായി ഇല്ലാതാക്കാനാകില്ലെന്നായിരുന്നു ചൊവ്വാഴ്ച ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ നെതന്യാഹുവിന്റെ പ്രതികരണം. ഇരുവരുടെയും നിലപാടുകളിലെ ഭിന്നതയാണ് ഇതോടെ വ്യക്തമായത്. അതിനിടെ, ഇസ്രയേലിലും അമേരിക്കയിലും നടന്ന തെരഞ്ഞെടുപ്പുകളിൽ ഇരുനേതാക്കളും തിരിച്ചടി നേരിട്ടിരുന്നു. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നേതൃത്വം നൽകുന്ന സഖ്യത്തിന് 120 അംഗ നെസറ്റിൽ 53 സീറ്റുകൾ മാത്രമാണ് ലഭിക്കുകയെന്നാണ് കണക്ക്. ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ നേടാനായിട്ടില്ല. അമേരിക്കയിൽ നവംബറിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിന്റെ നിയന്ത്രണവും നഷ്ടമായി.

ഈ വർഷം ഫെബ്രുവരിയിൽ ഇസ്രയേലിനൊപ്പം ഇറാനെതിരെ ആക്രമണം ആരംഭിച്ച ട്രംപ്, ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ ആക്രമണങ്ങളിൽനിന്ന് പിന്മാറുന്ന സൂചനയാണ് നൽകുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളിലൊന്നായ ഖത്തറിന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനമെന്ന് ട്രംപ് പറഞ്ഞു.

Netanyahu pressures Trump to restart war with Iran; Mossad chief in the US

More Stories from this section

family-dental
witywide