‘ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാകില്ല’; ഇറാൻ ഭീഷണിയെ തുടർന്ന് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി

ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങൾ ശക്തമാക്കുന്നതിനിടെ വധഭീഷണിയെത്തുടർന്ന് വാഷിങ്ടണിലെ വസതിയിൽനിന്ന് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. എന്നാൽ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും ഇറാനെതിരായ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നീക്കങ്ങൾ ഫലം കാണുന്നതിന്റെ തെളിവാണ് ഇത്തരം ഭീഷണികളെന്നും അദ്ദേഹം പറഞ്ഞു.

“ഇറാൻ നേതൃത്വത്തോട് പറയാനുള്ളത് ഇത്രമാത്രം: അവരെ പേടിച്ച് ഞാൻ പിന്മാറില്ല,” സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ബെസന്റ് വ്യക്തമാക്കി. തനിക്കു മാത്രമല്ല, ട്രംപ് മന്ത്രിസഭയിലെ മറ്റ് മുതിർന്ന അംഗങ്ങൾക്കും ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരായ സാമ്പത്തിക നടപടികളാണ് ഇതിന് പിന്നിലെന്നും ബെസന്റ് ആരോപിച്ചു. സാമ്പത്തിക സമ്മർദം ശക്തമായതോടെ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) കൂടുതൽ നിരാശയിലാണെന്ന് ബെസന്റ് പറഞ്ഞു. മൂലക്കിരുത്തപ്പെട്ട അപകടകാരിയായ മൃഗത്തെപ്പോലെയാണ് അവരുടെ ഇപ്പോഴത്തെ പെരുമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൾഫ് മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികർക്കും പ്രസിഡന്റ് ട്രംപിനും നിരന്തരം വധഭീഷണി നേരിടേണ്ടിവരുന്ന സാഹചര്യത്തിൽ താൻ എന്തിന് ഭയപ്പെടണമെന്നും അദ്ദേഹം ചോദിച്ചു. അമേരിക്കയുടെ നടപടികൾ ഫലം കാണുന്നുണ്ടെന്നും ബെസന്റ് അവകാശപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇറാനെതിരായ ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക സമ്മർദനീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത് ബെസന്റാണ്. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന നീക്കത്തിന്റെ ഭാഗമായി ഇറാനുമായി ഇടപാടുകൾ നടത്തുന്ന മധ്യപൂർവദേശത്തെ ധനകാര്യ സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇറാൻ തുറമുഖങ്ങൾക്കെതിരായ യുഎസ് നാവിക ഉപരോധത്തിനൊപ്പം ഈ നടപടികളും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും കപ്പൽഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഇറാനെ സമ്മർദത്തിലാക്കുകയാണ് ലക്ഷ്യം. അമേരിക്കൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങൾ അപകടകരമായ ഘട്ടത്തിലെത്തിയെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു.

2025 ജനുവരിയിൽ തന്റെ ജോർജ്ടൗണിലെ വസതിയുടെ ആകാശദൃശ്യം പ്രസിദ്ധീകരിച്ചതിലൂടെ സുരക്ഷ അപകടത്തിലാക്കിയെന്ന് ‘ദ വാൾ സ്ട്രീറ്റ് ജേണലി’നെതിരെയും ബെസന്റ് ആരോപിച്ചു. വസതിയുടെ കൃത്യമായ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ ചിത്രത്തിലുണ്ടായിരുന്നുവെന്നും സ്ഥലം വെളിപ്പെടുത്തരുതെന്ന് പത്രത്തിന്റെ എഡിറ്ററോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സീക്രട്ട് സർവീസിന്റെ നിർദേശപ്രകാരമാണ് വസതിയിൽനിന്ന് സൈനിക താവളത്തിലേക്ക് മാറിയതെന്നും പത്രത്തിന്റെ നടപടി നിരുത്തരവാദപരവും അപകടകരവുമാണെന്നും ബെസന്റ് കൂട്ടിച്ചേർത്തു.

അതിനിടെ, അമേരിക്കൻ ഉദ്യോഗസ്ഥനെ വധിക്കുന്നവർക്ക് ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. ബെസന്റ് ഉൾപ്പെടെയുള്ള യുഎസ് ഉദ്യോഗസ്ഥരെ ഇറാൻ ലക്ഷ്യമിട്ടാൽ എന്തായിരിക്കും അമേരിക്കയുടെ പ്രതികരണമെന്ന ചോദ്യത്തിന്, ഉത്തരവാദികളായവർ പിന്നീട് ഉണ്ടാകില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.

‘I’m not gonna be cowered’: US Treasury chief on moving to military base over Iran threats

More Stories from this section

family-dental
witywide