യുഎസ് പ്രതിനിധിസഭയുടെ നിയന്ത്രണം തിരിച്ചുപിടിച്ചാൽ ട്രംപുമായി ബന്ധമുള്ള കമ്പനികൾക്കെതിരെ അന്വേഷണം; ഇംപീച്ച്‌മെന്റും പരിഗണനയിൽ

വാഷിങ്ടൺ: നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ യുഎസ് പ്രതിനിധിസഭയുടെ നിയന്ത്രണം തിരിച്ചുപിടിച്ചാൽ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും അദ്ദേഹത്തിന്റെ ഭരണകൂടവുമായും ബന്ധമുള്ള കമ്പനികൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കുമെതിരെ വ്യാപക അന്വേഷണം നടത്താൻ ഡെമോക്രാറ്റുകൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇംപീച്ച്‌മെന്റ് നടപടിയുമായി നേരിട്ട് തുടങ്ങുന്നതിന് പകരം കോൺഗ്രസ് അന്വേഷണങ്ങൾ, ഹിയറിങ്ങുകൾ, സബ്പീനകൾ, രേഖകൾ ആവശ്യപ്പെടൽ തുടങ്ങിയ നടപടികളിലൂടെ ട്രംപ് തന്റെ ഔദ്യോഗിക പദവി തനിക്കോ സഖ്യകക്ഷികൾക്കോ സംഭാവനദാതാക്കൾക്കോ നേട്ടമുണ്ടാക്കാൻ ഉപയോഗിച്ചോയെന്ന് പരിശോധിക്കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം.

ട്രംപ് ഭരണകൂടവുമായി കരാറുകളോ നിയന്ത്രണപരമായ ഇടപാടുകളോ ഉള്ള കമ്പനികളായ ആപ്പിൾ, ആൽഫബെറ്റ്, പാലന്റിർ, ബ്ലാക്ക്‌സ്റ്റോൺ, ബ്ലാക്ക്‌റോക്ക് എന്നിവയും ഇലോൺ മസ്‌കുമായി ബന്ധപ്പെട്ട ടെസ്‌ല ഉൾപ്പെടെയുള്ള കമ്പനികളും അന്വേഷണ പരിധിയിൽ വരാൻ സാധ്യതയുണ്ട്. എന്നാൽ അന്വേഷണത്തിനുള്ള അന്തിമ പട്ടിക ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നും ഔദ്യോഗിക അന്വേഷണങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ കരാറുകൾ, ട്രംപ് പദ്ധതിയിടുന്ന വൈറ്റ് ഹൗസ് ബോൾറൂമിനുള്ള ധനസഹായം, കോർപ്പറേറ്റ് സംഭാവനകൾ, അനുകൂല തീരുമാനങ്ങൾക്ക് പകരമായി സാമ്പത്തിക നേട്ടം നൽകുന്നുവെന്ന ആരോപണങ്ങൾ എന്നിവയും ഡെമോക്രാറ്റുകൾ പരിശോധിച്ചേക്കും.

ട്രംപുമായി ബന്ധമുള്ള സാമ്പത്തിക സ്ഥാപനങ്ങളെയും അന്വേഷണ വിധേയമാക്കാൻ സാധ്യതയുണ്ട്. ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ പങ്കാളിയായ 1789 ക്യാപിറ്റൽ എന്ന വെഞ്ചർ ക്യാപിറ്റൽ സ്ഥാപനവും വിദേശ പരമാധികാര സമ്പത്ത് ഫണ്ടുകളുമായി ബന്ധപ്പെട്ട ട്രംപ് കുടുംബബന്ധമുള്ള ബിസിനസുകളിലെ നിക്ഷേപങ്ങളും പരിശോധിച്ചേക്കും. സാധ്യതയുള്ള അന്വേഷണങ്ങൾക്ക് ഡെമോക്രാറ്റുകൾ ഇതിനകം തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഹൗസിന്റെ നിയന്ത്രണം ലഭിച്ചാൽ പിന്നീട് കോൺഗ്രസ് അന്വേഷണത്തിന് വിധേയരാകാൻ സാധ്യതയുള്ള കമ്പനികളോടും സംഘടനകളോടും വിവരങ്ങൾ ആവശ്യപ്പെട്ട് പാർട്ടി നേതാക്കൾ കത്തുകൾ അയച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടവുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പാരമൗണ്ട് സ്കൈഡാൻസിനോടും ട്രംപുമായി 2.45 കോടി ഡോളറിന്റെ ഒത്തുതീർപ്പിലെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ യൂട്യൂബിനോടും അതിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ജിയോ ഗ്രൂപ്പ്, സാലസ് വേൾഡ്‌വൈഡ് സൊല്യൂഷൻസ്, ചരക്ക് വ്യാപാര കമ്പനികളായ വിറ്റോൾ, ട്രാഫിഗുറ എന്നിവയോടും വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിൽ ഡെമോക്രാറ്റുകൾ ഹൗസിൽ ന്യൂനപക്ഷമായതിനാൽ ഇത്തരം വിവരാവശ്യങ്ങൾക്ക് കോൺഗ്രസ് സബ്പീനയുടെ നിയമപരമായ ശക്തിയില്ല. എന്നാൽ ഭാവിയിൽ ഹൗസിന്റെ നിയന്ത്രണം ലഭിച്ചാൽ ആവശ്യപ്പെടാവുന്ന രേഖകൾ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. അന്വേഷണങ്ങളിൽ ഇംപീച്ച്‌മെന്റിന് വിധേയമാക്കാവുന്ന കുറ്റത്തിന്റെ തെളിവുകൾ കണ്ടെത്തിയാൽ ഇംപീച്ച്‌മെന്റ് ഒരു സാധ്യതയായി തുടരുമെന്ന് ഡെമോക്രാറ്റുകൾ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ തുടക്കം തന്നെ ഇംപീച്ച്‌മെന്റ് നടപടിയിലൂടെ നടത്താൻ അവർ ഉദ്ദേശിക്കുന്നില്ല. ഇംപീച്ച്‌മെന്റ് നടത്താനല്ല ഞങ്ങൾ ഇതിലേക്ക് പോകുന്നത്. അന്വേഷണങ്ങളിലൂടെ തെളിവുകൾ ശേഖരിച്ച് ട്രംപിനെ ഉത്തരവാദിത്തത്തിലാക്കുകയാണ് ലക്ഷ്യമെന്ന് ഒരു മുതിർന്ന ഡെമോക്രാറ്റിക് സഹായിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ആദ്യ ഭരണകാലത്തെ അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങളാണ് പുതിയ സമീപനത്തിന് പിന്നിലെന്ന് ഡെമോക്രാറ്റുകൾ പറയുന്നു. ആദ്യ ഭരണകാലത്ത് ഹൗസ് ട്രംപിനെ രണ്ട് തവണ ഇംപീച്ച് ചെയ്തിരുന്നെങ്കിലും സെനറ്റ് രണ്ടുതവണയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ്, ഹൗസിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചാൽ ഇംപീച്ച്‌മെന്റ് സാധ്യത തള്ളിക്കളഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ തുടക്കത്തിൽ അമേരിക്കക്കാരുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന വിഷയങ്ങളിലായിരിക്കും ഡെമോക്രാറ്റുകൾ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ഡെമോക്രാറ്റുകൾ ഹൗസിൽ ഭൂരിപക്ഷം നേടിയാൽ സബ്പീനകൾ പുറപ്പെടുവിക്കാനും സാക്ഷികളെ ഹാജരാക്കി മൊഴിയെടുപ്പിക്കാനും രേഖകൾ നിർബന്ധമായി ആവശ്യപ്പെടാനും പൊതു ഹിയറിങ്ങുകൾ നടത്താനും കോൺഗ്രസ് അവഹേളന നടപടികളുമായി മുന്നോട്ടുപോകാനും അധികാരം ലഭിക്കും. ഹൗസിനെയോ സെനറ്റിനെയോ ഏത് പാർട്ടിയാണ് നിയന്ത്രിക്കുന്നതെന്നത് പരിഗണിക്കാതെ മേൽനോട്ടവുമായി ബന്ധപ്പെട്ട ആവശ്യങ്ങളോട് പ്രതികരിക്കാൻ ട്രംപ് തയ്യാറാണെന്നും കോൺഗ്രസിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷം സംരക്ഷിക്കുന്നതിനാണ് അദ്ദേഹം പ്രതിജ്ഞാബദ്ധനെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

US Democrats eye probes into Trump-linked firms over impeachment if they regain House control: Report

More Stories from this section

family-dental
witywide