സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് തിരച്ചിൽ ശക്തമായി നടക്കുന്നതിനിടയിലും വിഡിയോ സന്ദേശവുമായി അർജുൻ ആയങ്കി. ചെയ്യാത്ത കുറ്റത്തിന് 21 ദിവസം ജയിലിൽ കിടക്കേണ്ടി വന്നെന്നും ആ കേസ് പുനരന്വേഷിക്കണമെന്നാണ് തന്റെ ആവശ്യമെന്നും വീഡിയോയിൽ ആയങ്കി പറയുന്നു. കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ട എന്നായിരുന്നു ആഗ്രഹം പക്ഷെ വിഷയം കൈവിട്ടുപോയി. വെടിവെച്ചുകൊല്ലുക എന്നതാണ് ഇപ്പോഴത്തെ തീരുമാനം. എന്റെ പേരിലുള്ള കേസുകളുടെ എണ്ണം വെറും 4 ആയിരുന്നു. ആ എന്നെയാണ് കോതമംഗലത്തുവെച്ച് അന്യായമായി അറസ്റ്റ് ചെയ്‌ത് ജയിലിൽ കിടത്തിയത് .
ചെയ്യാത്ത കുറ്റത്തിന് 21 ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. അതിന്റെ വികാര പ്രകടനമാണ് ഞാൻ നടത്തിയത്. എന്റെ ആവശ്യം ന്യായമാണ് , ആ കേസുകളെല്ലാം പുനരന്വേഷിക്കുക 23 ഓളം കേസുകളാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളമായി എന്റെ പേരിലുള്ളത് അതെല്ലാം രാഷ്ട്രീയം പറഞ്ഞതിന്റെയും സോഷ്യൽ മീഡിയയിൽ ഇടപെട്ടതിന്റെയും ഭാഗമായിട്ട് വന്നതാണ്. ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വിമർശിച്ചുകൊണ്ട് പോസ്റ്റിട്ട് കഴിഞ്ഞാൽ ഇത്തരത്തിൽ കേസെടുക്കുന്ന നടപടി കഴിഞ്ഞ 10 വർഷകാലത്ത് ഉണ്ടായിരുന്നോയെന്ന് പരിശോധിച്ചാൽ മതിയാകും. ഇവിടെ നടക്കുന്നത് പൊലീസ് രാജ് ആണോ എന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും വീഡിയോയിലൂടെ അർജുൻ ആയങ്കി ആവശ്യപ്പെട്ടു.
ആരെയും വെല്ലുവിളിക്കുന്നില്ല. ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചിട്ടില്ല. കള്ളക്കേസ് പുനരന്വേഷിക്കാൻ ആവശ്യപ്പെടുന്നത് എങ്ങനെ വെല്ലുവിളിയാകുമെന്നും സിഐ പ്രശാന്തിനെതിരെ നടപടി വേണമെന്ന് മാത്രമാണ് ആവശ്യമെന്നും ആയങ്കി വീഡിയോയിൽ പറഞ്ഞു. അതേസമയം, ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്നപേരിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ഗുണ്ടാവേട്ടയുടെ ഭാഗമായാണ് ആയങ്കിയെ പിടികൂടാനുള്ള അന്വേഷണവും നടക്കുന്നത്. ദിവസങ്ങളായി നടത്തുന്ന അന്വേഷണത്തിന് ഇടയിലും അർജുൻ ആയങ്കി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. നിലവിൽ വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ വഴിതെറ്റിച്ചും അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചാണ് ആയങ്കിയുടെ യാത്ര.
Arjun Ayanki releases a video message amidst the police search; how does demanding a reinvestigation into a false case amount to a challenge?









