റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള കടുത്ത വിദ്വേഷമാണ് സമാധാനശ്രമങ്ങൾക്ക് പ്രധാന തടസ്സമെന്നും ട്രംപ് പറഞ്ഞു. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നിലുള്ള ഏറ്റവും വലിയ തടസ്സം എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. താൻ പ്രസിഡന്റായിരുന്നെങ്കിൽ യുദ്ധം ഒരിക്കലും ആരംഭിക്കില്ലായിരുന്നുവെന്നും എന്നാൽ യുദ്ധം തുടങ്ങിയതിനാൽ അത് തനിക്ക് പാരമ്പര്യമായി ലഭിച്ചതാണെന്നും ട്രംപ് പറഞ്ഞു. കരാറിലെത്താൻ ഇരുപക്ഷവും ഏറെ അടുത്തെത്തിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
യുദ്ധം അവസാനിക്കുമ്പോൾ യുക്രെയ്നിന്റെ ഭൂപ്രദേശങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ യുക്രെയ്ൻ ചില പ്രദേശങ്ങൾ വിട്ടുനൽകേണ്ടിവരുമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ പരാമർശത്തിലുള്ളത്. അതിനിടെ, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഇറാനുമായി വീണ്ടും സൈനിക സംഘർഷമുണ്ടാകുമോയെന്ന ചോദ്യവും അഭിമുഖത്തിൽ ഉയർന്നു. എന്നാൽ ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾക്ക് തനിക്ക് താൽപര്യമില്ലെന്നും അതിന് കാരണമൊന്നും കാണുന്നില്ലെന്നും ട്രംപ് മറുപടി നൽകി. ഇറാന്റെ ആണവ വസ്തുക്കൾ ആയിരക്കണക്കിന് ടൺ പാറകൾക്കടിയിൽ സുരക്ഷിതമായി അടച്ചിരിക്കുകയാണെന്നും യുഎസ് സൈനിക ലക്ഷ്യങ്ങൾ കൈവരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനും യുക്രെയ്ന് വിശ്വസനീയമായ സുരക്ഷാ ഉറപ്പുകൾ ഉറപ്പാക്കുന്നതിനുമായി നവംബർ 10, 11 തീയതികളിൽ അബുദാബിയിൽ നിർണായക ത്രികക്ഷി ചർച്ചകൾ നടക്കും. മേഖലയിൽ സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികളും ചർച്ചയുടെ ഭാഗമാകും. യുഎസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരഡ് കുഷ്നറും അമേരിക്കൻ സംഘത്തെ നയിക്കും. യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. എന്നാൽ അതിർത്തി തർക്കങ്ങളിലും യുക്രെയ്നിന്റെ ഭാവി സുരക്ഷാ സംവിധാനങ്ങളിലും റഷ്യയും യുക്രെയ്നും തമ്മിലുള്ള അഭിപ്രായവ്യത്യാസം തുടരുന്നത് ചർച്ചകൾക്ക് വെല്ലുവിളിയാണ്. യൂറോപ്യൻ സുരക്ഷാ സംവിധാനം വിപുലീകരിക്കുന്നത് പുതിയ സങ്കീർണതകൾക്കും സുരക്ഷാ ഭീഷണികൾക്കും വഴിവെക്കാമെന്നും യുക്രെയ്നിന്റെ നിർണായക സുരക്ഷാ ആവശ്യങ്ങൾ പരിഗണിക്കണമെന്നും സെലൻസ്കി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘I inherited that war’: Trump blames ‘hatred’ between Putin, Zelenskyy for Russia-Ukraine conflict













