കുടിയേറ്റക്കാരുടെ നാടുകടത്തൽ അതിരുകടന്നു, തുറന്നുസമ്മതിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ കനത്ത പരാജയത്തിന് പിന്നാലെ, തന്റെ കുടിയേറ്റ നയങ്ങളിൽ പാളിച്ചപറ്റിയെന്ന അപൂർവ തുറന്നുപറച്ചിലുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. രാജ്യത്ത് കൃത്യമായി ജോലി ചെയ്യുകയും സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്ന കുടിയേറ്റക്കാരെ നാടുകടത്തിയ നടപടി “വളരെ കഠിനമായിപ്പോയി” എന്ന് ട്രംപ് സമ്മതിച്ചു. എന്നാൽ ഈ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകം, തീവ്ര കുടിയേറ്റ വിരുദ്ധ നിലപാടുകാരനായ സ്റ്റീഫൻ മില്ലറെ തന്റെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി ട്രംപ് നിയമിച്ചത് നയപരമായ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് നൽകുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്ത പ്രത്യേക അഭിമുഖത്തിലാണ് ട്രംപിന്റെ നിർണായക വെളിപ്പെടുത്തൽ. “നമ്മുടെ നാടുകടത്തൽ നടപടികൾ വളരെ കഠിനമായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. അത് അല്പം കഠിനമായിപ്പോയിരിക്കാം,” ട്രംപ് പറഞ്ഞു. നവംബർ 3-ന് നടന്ന തെരഞ്ഞെടുപ്പിൽ യുഎസ് പാർലമെന്റിന്റെ ഇരുസഭകളായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. പരാജയം ഉൾക്കൊണ്ട് ഡെമോക്രാറ്റുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാാൻ യുദ്ധവും ഉയർന്ന പെട്രോൾ വിലയും തെരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിച്ചുവെന്നും കൂട്ടിച്ചേർത്തു.

തന്റെ കുടിയേറ്റ നയങ്ങളെ ട്രംപ് അഭിമുഖത്തിൽ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ചില വീഴ്ചകൾ പരസ്യമായി സമ്മതിച്ചു. “അതിർത്തികൾ വിജയകരമായി അടച്ചുപൂട്ടിയതിന് എനിക്ക് എ പ്ലസ് മാർക്ക് അർഹതയുണ്ട്. കുറ്റവാളികളായ കുടിയേറ്റക്കാരെ പുറത്താക്കിയതിലും ഭരണകൂടം മികച്ച നേട്ടമുണ്ടാക്കി. എന്നാൽ, രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചു എന്ന ഒരൊറ്റ നിയമലംഘനം മാത്രം നടത്തുകയും, ഇവിടെ നല്ല ജോലികളിൽ ഏർപ്പെടുകയും ചെയ്ത സാധാരണക്കാരെക്കൂടി ഞങ്ങൾ പുറത്താക്കിയതാണ് രാഷ്ട്രീയമായി തിരിച്ചടിയായത്,” ട്രംപ് വ്യക്തമാക്കി.

ഹോട്ടലുകളിലും ലാൻഡ്സ്കേപ്പിംഗ് ബിസിനസുകളിലും മറ്റ് ജോലികളിലും ഏർപ്പെടുകയും കൃത്യമായി നികുതി അടയ്ക്കുകയും ചെയ്യുന്ന കുടിയേറ്റക്കാർ രാജ്യത്ത് തുടരണമെന്നാണ് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, സ്റ്റീഫൻ മില്ലറുടെ പുതിയ നിയമനം വരുംദിവസങ്ങളിലും കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് ഭരണകൂടത്തിന്റെ ഭാവമെന്ന സൂചനയാണ് നൽകുന്നത്.

തന്റെ ഇടപെടൽ മൂലമാണ് ഇന്ത്യാ-പാകിസ്ഥാൻ ആണവയുദ്ധം ഒഴിവായതെന്ന വിവാദ അവകാശവാദം ട്രംപ് അഭിമുഖത്തിൽ ആവർത്തിച്ചു. “ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു ആണവയുദ്ധത്തിന്റെ വക്കിലായിരുന്നു. അത് തുടങ്ങുന്നതിന് മുൻപ് തന്നെ മധ്യസ്ഥതയിലൂടെ ഞാൻ പരിഹരിച്ചു,” ട്രംപ് അവകാശപ്പെട്ടു. സംഘർഷത്തിനിടെ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതിന് പാകിസ്ഥാൻ പ്രധാനമന്ത്രി തനിക്ക് നന്ദി അറിയിച്ചതായും ട്രംപ് പറഞ്ഞു.

എന്നാൽ അമേരിക്കയുടെ മധ്യസ്ഥതാ വാദങ്ങൾ ഇന്ത്യ പൂർണ്ണമായും തള്ളി. പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി 2025 മേയ് 7-നാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ വഴി പാക് ഭീകരകേന്ദ്രങ്ങൾ തകർത്തത്. തുടർന്ന് മേയ് 10-ന് ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ നേരിട്ട് നടത്തിയ ചർച്ചകളിലൂടെയാണ് സൈനിക നടപടി നിർത്താൻ ധാരണയായതെന്നും, ഇതിൽ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്നും ന്യൂഡൽഹി വ്യക്തമാക്കി. വാഷിംഗ്ടണുമായുള്ള വ്യാപാര ചർച്ചകൾ ഈ തീരുമാനത്തെ സ്വാധീനിച്ചെന്ന വാദവും ഇന്ത്യ പലകുറി നിഷേധിച്ചു.

Trump openly admits that the deportation of immigrants has gone too far.

More Stories from this section

family-dental
witywide