വാഷിങ്ടൺ: ലോകത്തെ പ്രമുഖ എഐ ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്ങിന് ചൈനീസ് വ്യവസായിയായ ആലിസ് ഹുവാങ്ങുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ടുകളിൽ കമ്പനി അന്വേഷണം ആരംഭിച്ചു. ഇതിനിടെ, ആലിസുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ജെൻസൻ ഹുവാങ് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. ചൈനീസ് ചാരസംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ചെന്ന സംശയവും ആലിസിനെതിരെയുണ്ട്.
സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് കമ്പനിയുടെ മുൻ ഉന്നത ഉദ്യോഗസ്ഥയാണ് ആലിസ് ഹുവാങ്. ചൈനീസ് പൗരയായ ഇവർ ഹുവാങിന്റെ ബന്ധുവല്ല. യുഎസ് അധികൃതർ നടത്തിയ അന്വേഷണത്തിൽ ആലിസ് ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായിയാണെന്ന് കണ്ടെത്തിയതായാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ഇരുവരും എപ്പോൾ പരിചയപ്പെട്ടെന്നോ ബന്ധം എത്രകാലം നീണ്ടെന്നോ വ്യക്തമല്ല. എന്നാൽ 2024 ജൂണിൽ തായ്പെയിലെ ഒരു ബാറിൽ ജെൻസൻ ഹുവാങ്ങിനൊപ്പം ആലിസിനെ കണ്ടിരുന്നു. ഇതേ കാലയളവിലാണ് മെഗാസ്പീഡ് കോടിക്കണക്കിന് ഡോളറിന്റെ നൂതന എഐ ചിപ്പുകൾ വാങ്ങാൻ തുടങ്ങിയത്. 2025 മേയിലും ഹുവാങ്ങിനൊപ്പം ആലിസിനെ കണ്ടിരുന്നു.
ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം ആലിസിനെ എൻവിഡിയ മേധാവിയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാനും ചൈനയിലേക്കുള്ള ചിപ്പ് വിൽപ്പനയെ സ്വാധീനിക്കാനും നിയോഗിച്ചിരുന്നുവെന്നാണ് പുറത്തുവന്ന രഹസ്യ മെമ്മോയിലെ വിവരങ്ങൾ. മെഗാസ്പീഡിന്റെ മേധാവി ചൈനയ്ക്ക് വിവരങ്ങൾ കൈമാറിയിരുന്നതായും യുഎസ് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഹുവാങ് ലെ എന്ന പേരിലും അറിയപ്പെടുന്ന ആലിസ് മുൻ ടെലിവിഷൻ റിപ്പോർട്ടറാണ്. ഹുനാൻ ടിവിയിലും ചൈനീസ് ഔദ്യോഗിക ചാനലായ സിസിടിവിയിലും ജോലി ചെയ്തിരുന്നുവെന്നാണ് വിവരങ്ങൾ. എച്ച്എസ്ബിസിയിലും സിഐടിഐസി സെക്യൂരിറ്റീസിലും ഉന്നത പദവികൾ വഹിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ തൊഴിൽവിവരങ്ങളിൽ ചിലത് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ചൈനീസ് ഗെയിമിങ് കമ്പനിയായ 7റോഡുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും ആലിസ് പ്രവർത്തിച്ചിരുന്നു. ചൈനയുമായി ബന്ധമുള്ള നിരവധി കമ്പനികളുടെ ശൃംഖലയുടെ ഭാഗമായ മെഗാസ്പീഡ് എൻവിഡിയയുടെ തെക്കുകിഴക്കൻ ഏഷ്യയിലെ പ്രധാന ഉപഭോക്താക്കളിലൊന്നാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 4.8 ബില്യൺ ഡോളറിലധികം വിലവരുന്ന എൻവിഡിയ ചിപ്പുകൾ മെഗാസ്പീഡ് വാങ്ങിയെന്നാണ് റിപ്പോർട്ട്. വിവാദത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതികരിച്ചു. ജെൻസൻ ഹുവാങ്ങിനെക്കുറിച്ച് തനിക്ക് നല്ല അഭിപ്രായമാണെന്നും വിഷയം വിശദമായി പരിശോധിക്കുമെന്നും ഒക്ടോബർ 31ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, എൻവിഡിയയുടെ ആഭ്യന്തര വിഷയമായതിനാൽ പ്രതികരിക്കാനാകില്ലെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഞായറാഴ്ച വ്യക്തമാക്കി. എഐ ചിപ്പുകളുടെ വളർച്ചയോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറിയ എൻവിഡിയ, കഴിഞ്ഞ മൂന്ന് വർഷമായി വാൾസ്ട്രീറ്റിന്റെ സാമ്പത്തിക പ്രതീക്ഷകളെ മറികടക്കുകയാണ്. ഓഗസ്റ്റിൽ അവസാനിച്ച പാദത്തിൽ 59.69 ബില്യൺ ഡോളറിന്റെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്.
Who Is Alice Huang, Chinese Woman Linked To Nvidia CEO Jensen Huang















