വാഷിങ്ടൺ: വിസാ കാലാവധി നീട്ടുന്നതിനുള്ള അപേക്ഷ സമയബന്ധിതമായി നൽകിയാലും അമേരിക്കൻ കുടിയേറ്റ-കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കുടിയേറ്റ നിയമ വിദഗ്ധ പൂനം ഗുപ്തയുടെ മുന്നറിയിപ്പ്. അടുത്തിടെ ആഭ്യന്തര വിമാനത്താവളങ്ങളിൽ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്ന സംഭവങ്ങൾ വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
ഇതിന് ഉദാഹരണമായി കാലിഫോർണിയയിലെ ഓക്‌ലൻഡിൽ താമസിക്കുന്ന ഇക്വഡോർ സ്വദേശിനി ചാന്റൽ മൊറാലസ് റോഹാസിന്റെ സംഭവം പൂനം ഗുപ്ത ചൂണ്ടിക്കാട്ടി. J-1 വിസയിൽ നിയമപരമായി അമേരിക്കയിലെത്തിയ റോഹാസ്, വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ കാലാവധി നീട്ടാൻ അപേക്ഷ നൽകിയിരുന്നെങ്കിലും ജൂലൈ 20-ന് ഡെൻവറിൽ നിന്ന് മടങ്ങുന്നതിനിടെ വിമാനത്തിൽ കയറാൻ പോകുമ്പോൾ ഐസിഇ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കോടതി ഉത്തരവിനെ തുടർന്നാണ് അവർ മോചിതയായത്.
അറസ്റ്റിലാകുമ്പോൾ റോഹാസിന്റെ വിസാ ദീർഘിപ്പിക്കൽ അപേക്ഷ പരിഗണനയിലായിരുന്നു. കഴിഞ്ഞ ആഴ്ച 3,000 ഡോളറിന്റെ ജാമ്യത്തിൽ അവർ ജയിൽ മോചിതയായി. സമയത്ത് നൽകിയ വിസാ ദീർഘിപ്പിക്കൽ അപേക്ഷ നിയമപരമായി അംഗീകൃത താമസകാലം ആരംഭിക്കുന്നതാണ്. എന്നാൽ അതുണ്ടെങ്കിലും ഐസ് അറസ്റ്റ് ചെയ്യുകയാണ് എന്ന് പൂനം ഗുപ്ത ലിങ്ക്ഡ്ഇനിൽ കുറിച്ചു.
ഗ്രീൻ കാർഡ്, അഭയം (Asylum), വിസാ ദീർഘിപ്പിക്കൽ അപേക്ഷകൾ പരിഗണനയിലുള്ളവരെയും വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ കൗണ്ടറുകളിലും ബോർഡിങ് ഗേറ്റുകളിലും നിന്ന് ഐസിഇ അറസ്റ്റ് ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (DHS) ആഭ്യന്തര രേഖകൾ ഉദ്ധരിച്ച് അവർ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ഒമ്പത് സംസ്ഥാനങ്ങളിലെ 15 വിമാനത്താവളങ്ങളിൽ നിന്ന് കുറഞ്ഞത് 27 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
വിസാ ദീർഘിപ്പിക്കൽ അപേക്ഷ നൽകിയതിനാലോ ആഭ്യന്തര വിമാനയാത്രയായതിനാലോ അറസ്റ്റ് ഉണ്ടാകില്ലെന്ന് കരുതരുത്. നിലവിലെ സാഹചര്യത്തിൽ ഈ രണ്ട് കാര്യങ്ങളും വിശ്വസനീയമായ സംരക്ഷണമല്ല എന്നും പൂനം ഗുപ്ത മുന്നറിയിപ്പ് നൽകി. ആഭ്യന്തര വിമാനയാത്ര ബുക്ക് ചെയ്യുന്നതിന് മുമ്പ് കുടിയേറ്റ നിയമ വിദഗ്ധരുമായി നിർബന്ധമായും ആശയവിനിമയം നടത്തണമെന്നും അവർ വിസാ ഉടമകളോട് നിർദേശിച്ചു.
ICE can make arrests even if an application to extend visa validity has been filed in the US; immigration lawyer warns.










