തായ്‌വാൻ പ്രസിഡൻ്റിൻ്റെ മകന് പിന്നാലെ ചൈനീസ് ചാരക്കണ്ണുകൾ; വനിതാ ഏജൻ്റ് അമേരിക്കയിൽ നാടകീയമായി പിടിയിൽ

ലോസ് ഏഞ്ചൽസ്: തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തെയുടെ അമേരിക്കയിലുള്ള മകനെ രഹസ്യമായി നിരീക്ഷിച്ച ചൈനീസ് വനിതാ ഏജന്റ് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് എഫ്ബിഐയുടെ പിടിയിലായി. കാലിഫോർണിയയിൽ റിയൽ എസ്റ്റേറ്റ് ഏജന്റായി ജോലി ചെയ്യുന്ന വാൻയിങ് “ഹെതർ” ഷാങ് (34) ആണ് അറസ്റ്റിലായത്. യുഎസിൽ നിന്ന് ചൈനയിലെ ഷാങ്ഹായിലേക്ക് കടക്കാൻ വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഫെഡറൽ ഏജൻസി ഇവരെ കസ്റ്റഡിയിലെടുത്തത്. വിദേശ ഗവൺമെന്റിന്റെ രജിസ്റ്റർ ചെയ്യാത്ത ഏജന്റായി പ്രവർത്തിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.

തായ്‌വാൻ പ്രസിഡന്റിന്റെ മകനും സിയാറ്റിലിൽ പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ ഫിലിപ്സിൽ എഞ്ചിനീയറുമായ ടിങ്-യു ലായ്, അദ്ദേഹത്തിന്റെ ഭാര്യ, കുട്ടി എന്നിവരെയാണ് പ്രതി നിരീക്ഷിച്ചിരുന്നത്. 2025 സെപ്റ്റംബറിൽ പ്രതിയും സഹായിയും സിയാറ്റിലിലെ ടിങ്-യു ലായുടെ വീടിന് ചുറ്റും കറങ്ങി കാറിന്റെയും കുടുംബാംഗങ്ങളുടെയും ദൃശ്യങ്ങൾ പകർത്തിയതായി എഫ്ബിഐ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. അയൽപക്കത്തെ സുരക്ഷാ ക്യാമറകളിൽ നിന്നും ഇവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

പ്രതിയുടെ ഐക്ലൗഡ് അക്കൗണ്ടും ചൈനീസ് മെസ്സേജിങ് ആപ്പായ വീചാറ്റും പരിശോധിച്ചതിൽ നിന്നാണ് എഫ്ബിഐക്ക് നിർണായക തെളിവുകൾ ലഭിച്ചത്. താൻ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും നിരീക്ഷണം തുടരുകയാണെന്നും കാണിച്ച് ചൈനീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ഇവർ സന്ദേശങ്ങൾ അയച്ചിരുന്നു. ബീജിംഗിലെ യൂണിവേഴ്സിറ്റി ഓഫ് ഇന്റർനാഷണൽ റിലേഷൻസിലെ പഠനകാലത്താണ് ഇവർ ചൈനീസ് മന്ത്രാലയവുമായി അടുക്കുന്നത്.

ഭാവിയിൽ തായ്‌വാനുമായി എന്തെങ്കിലും തരത്തിലുള്ള സൈനിക-രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായാൽ, തായ്‌വാൻ പ്രസിഡന്റിന് മേൽ സമ്മർദ്ദം ചെലുത്താനും ബ്ലാക്ക്‌മെയിൽ ചെയ്യാനുമാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ വിവരങ്ങൾ ചൈന ശേഖരിക്കുന്നതെന്ന് എഫ്ബിഐ സ്പെഷ്യൽ ഏജന്റ് കെവിൻ ഹോൾട്ട് വ്യക്തമാക്കി. അമേരിക്കയിൽ കഴിയുന്ന ചൈനീസ് വിമതരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ട് ചൈനീസ് ഏജന്റുമാർ നടത്തുന്ന ഇത്തരം ചാരപ്രവർത്തനങ്ങൾക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Chinese spy eyes on Taiwan President’s son; female agent dramatically arrested in the US.

More Stories from this section

family-dental
witywide