
വാഷിംഗ്ടൺ: അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് ആക്ടിംഗ് മേധാവി ടോഡ് ലിയോൺസ് ഈ വർഷം ജൂണിൽ പദവി ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. പ്രസിഡൻ്റ് ട്രംപിൻ്റെ വിവാദപരമായ കൂട്ട നാടുകടത്തൽ നടപടികൾക്ക് ഒരു വർഷത്തിലേറെയായി നേതൃത്വം നൽകി വരുന്ന ലിയോൺസ്, ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് സ്വകാര്യ മേഖലയിലേക്ക് മാറാനാണ് തീരുമാനിച്ചിരിക്കുന്നത്. മെയ് 31 അദ്ദേഹത്തിൻ്റെ അവസാന പ്രവൃത്തിദിവസമായിരിക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ സ്ഥിരീകരിച്ചു.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനും സ്വകാര്യ മേഖലയിൽ പുതിയ അവസരങ്ങൾ തേടുന്നതിനുമാണ് ഈ തീരുമാനമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ലിയോൺസ്, 2007-ലാണ് ഐ.സി.ഇയിൽ ചേരുന്നത്. ഏജൻസിയിൽ രണ്ട് പതിറ്റാണ്ടിൻ്റെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം 2025 മാർച്ചിലാണ് ആക്ടിംഗ് ഡയറക്ടറായി നിയമിതനായത്.
കുറ്റവാളികളായ കുടിയേറ്റക്കാരെ പുറത്താക്കുന്നതിൽ ഇദ്ദേഹം വഹിച്ച പങ്കിനെ ഭരണകൂടം പ്രശംസിച്ചിരുന്നു. എന്നാൽ, കോടതി വാറൻ്റില്ലാതെ വീടുകളിൽ കയറി പരിശോധന നടത്താൻ അനുമതി നൽകിയ മെയ് 2025-ലെ മെമ്മോ ഉൾപ്പെടെയുള്ള നടപടികൾ വലിയ മനുഷ്യാവകാശ പ്രതിഷേധങ്ങൾക്കും ഡെമോക്രാറ്റിക് പാർട്ടിയുടെ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞ പത്ത് വർഷമായി ഐ.സി.ഇയ്ക്ക് സെനറ്റ് അംഗീകരിച്ച സ്ഥിരം മേധാവി ഇല്ലാത്ത സാഹചര്യം തുടരുകയാണ്. ലിയോൺസിൻ്റെ പടിയിറക്കം ഏജൻസിയിൽ വലിയൊരു നേതൃത്വ ശൂന്യത സൃഷ്ടിക്കും. പുതിയ മേധാവിയെ കണ്ടെത്തുക എന്നത് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ്റെ മുന്നിലെ വലിയ വെല്ലുവിളിയായിരിക്കും. നിലവിൽ ഐ.സി.ഇയിൽ ഏകദേശം 21,000-ത്തോളം ജീവനക്കാരുണ്ട്. രാജ്യത്തിൻ്റെ അതിർത്തി സുരക്ഷയിലും കുടിയേറ്റ നിയന്ത്രണത്തിലും ഏറ്റവും നിർണ്ണായകമായ ഏജൻസിയാണിത്.
ICE chief Todd Lyons resigns; official who played a key role in Trump’s immigration policies moves to private sector















