ഒരുകാലത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ ആഡംബര യാത്രകളുടെയും വേഗതയുടെയും പ്രതീകമായിരുന്ന അമേരിക്കയുടെ പ്രശസ്ത കപ്പൽ ‘എസ്എസ് യുണൈറ്റഡ് സ്റ്റേറ്റ്സ്’ കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റാക്കി മാറ്റുന്നതിന്റെ ഭാഗമായി ബുധനാഴ്ച ഫ്ലോറിഡ തീരത്തെ മെക്സിക്കൻ ഉൾക്കടലിൽ കപ്പൽ മനഃപൂർവം മുക്കുകയായിരുന്നു. അമേരിക്കയിൽ നിർമിച്ച ഏറ്റവും വലിയ യാത്രാക്കപ്പലായിരുന്ന ഇതിന്റെ ഏകദേശം 75 വർഷം നീണ്ട ചരിത്രത്തിനാണ് ഇതോടെ തിരശ്ശീല വീണത്. 300 മീറ്ററോളം നീളമുള്ള കപ്പലിന്റെ അവസാന യാത്ര കാണാൻ ടഗ് ബോട്ടുകളിലും വിനോദസഞ്ചാര ബോട്ടുകളിലും കടൽത്തീരത്തുമായി നിരവധി ആളുകളാണ് എത്തിയത്.
ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാതെ കപ്പൽ നിയന്ത്രിതമായി മുക്കിയത്. പരിസ്ഥിതിക്ക് ദോഷകരമായേക്കാവുന്ന ഇന്ധനം, വയറുകൾ, ചില്ലുകൾ എന്നിവയും ഡൈവിങ് നടത്തുന്നവർക്ക് അപകടമുണ്ടാക്കാൻ സാധ്യതയുള്ള വസ്തുക്കളും നേരത്തെ നീക്കം ചെയ്തിരുന്നു. കപ്പൽ സുരക്ഷിതമായി താഴുന്നതിനും സമുദ്രജീവികൾക്ക് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നതിനുമായി പുറംചട്ടയിലും 12 ഡെക്കുകളിലുമായി പ്രത്യേക ദ്വാരങ്ങളും പാതകളും ഒരുക്കിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച നടപടികൾക്കൊടുവിൽ, അടിഭാഗത്തെ ദ്വാരങ്ങളിലൂടെ വെള്ളം ഇരച്ചുകയറി കപ്പൽ ഇടതുവശത്തേക്ക് ചരിഞ്ഞ് സാവധാനം കടലിൽ അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്തു.
ഫ്ലോറിഡയിലെ ഡെസ്റ്റിൻ തീരത്തിന് സമീപം മെക്സിക്കൻ ഉൾക്കടലിൽ 180 അടി താഴ്ചയിലാകും കപ്പൽ നിലയുറപ്പിക്കുക. കപ്പലിന്റെ മുകൾഭാഗം കടൽനിരപ്പിൽ നിന്ന് ഏകദേശം 50 അടി താഴെയായിരിക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ യാത്രാക്കപ്പലെന്ന ഖ്യാതി നേടിയ എസ്എസ് യുണൈറ്റഡ് സ്റ്റേറ്റ്സ്, വാണിജ്യ വിമാനയാത്രകൾക്ക് പ്രചാരം വർധിച്ചതോടെ 1969-ലാണ് സർവീസ് അവസാനിപ്പിച്ചത്.
സർവീസ് നിർത്തിയ ശേഷം ഏകദേശം 30 വർഷത്തോളം ഫിലാഡൽഫിയയിൽ കെട്ടിയിട്ടിരുന്ന കപ്പൽ ആക്രിയായി പൊളിച്ചുവിൽക്കപ്പെടുന്ന ഘട്ടത്തിലാണ് ഫ്ലോറിഡയിലെ ഒകാലൂസ കൗണ്ടി അധികൃതർ ഇടപെട്ടത്. 1.3 കോടി ഡോളറിന്റെ പദ്ധതിയുടെ ഭാഗമായി കപ്പൽ ഏറ്റെടുക്കുകയും യുഎസ് കോസ്റ്റ് ഗാർഡിന്റെ അനുമതിയോടെ അലബാമയിലെ മൊബൈലിലുള്ള കപ്പൽശാലയിൽ എത്തിച്ച് അവസാന യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയുമായിരുന്നു.
ഡെസ്റ്റിൻ-ഫോർട്ട് വാൾട്ടൺ ബീച്ച് മേഖലയിൽ നിലവിലുള്ള 500-ലധികം ചെറു കൃത്രിമ പവിഴപ്പുറ്റുകളുടെ ശൃംഖലയിലേക്കാണ് എസ്എസ് യുണൈറ്റഡ് സ്റ്റേറ്റ്സും ഇനി ചേരുന്നത്. കപ്പൽ മുങ്ങിയതിന് പിന്നാലെ തന്നെ ഇതിന്റെ അവശിഷ്ടങ്ങൾ കാണാൻ ഡൈവിങ് സംഘങ്ങൾ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഒരുകാലത്ത് ആയിരക്കണക്കിന് യാത്രക്കാരെ വഹിച്ചിരുന്ന ഈ ചരിത്രകപ്പൽ ഇനി സമുദ്രജീവികളുടെ പുതിയ ആവാസകേന്ദ്രമായി മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
End of a Historic Voyage: ‘SS United States’ Sunk to Become World’s Largest Artificial Reef













