സിയാറ്റിൽ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ റെയ്ഡിൽ അച്ഛനെയും മകളെയും അറസ്റ്റ് ചെയ്ത സംഭവം; വിമാനത്തിലെ ജീവനക്കാരെ മുഴുവൻ മാറ്റി അലാസ്ക എയർലൈൻസ്

സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിൽ-ടകോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിലേക്ക് കയറുന്നതിനിടെ മുഖംമൂടി ധരിച്ച ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അച്ഛനെയും മകളെയും ബലമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ അലാസ്ക എയർലൈൻസ് വിമാനത്തിലെ മുഴുവൻ ജീവനക്കാരെയും മാറ്റി. ശനിയാഴ്ച രാവിലെ ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാനിരുന്ന അലാസ്ക ഫ്ലൈറ്റ് 1306-ന്റെ ജെറ്റ് ബ്രിഡ്ജിലുണ്ടായ നാടകീയ സംഭവങ്ങൾ ജീവനക്കാരെയും യാത്രക്കാരെയും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയതിനെ തുടർന്നാണ് നടപടി.

ശനിയാഴ്ച രാവിലെ 8:45-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂറിലധികം വൈകി 11:03-നാണ് യാത്ര തിരിച്ചതെന്ന് അലാസ്ക എയർലൈൻസ് വക്താവ് ഞായറാഴ്ച സി.ബി.എസ് ന്യൂസിനോട് വ്യക്തമാക്കി. സംഭവത്തിന് തൊട്ടുപിന്നാലെ വിമാനത്തിലെ ചില ജീവനക്കാർ ജോലിയിൽ നിന്ന് മാറിനിൽക്കാൻ അനുവാദം ചോദിച്ചതായും, സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയതോടെ വിമാനത്തിലെ മുഴുവൻ ജീവനക്കാരെയും മാറ്റി പുതിയ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു.

വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയ മെക്സിക്കൻ പൗരനായ റിക്കാർഡോ ലാറോണ്ടോ മെൻഡോസയെ ലക്ഷ്യമിട്ടാണ് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയതെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. അറസ്റ്റിനിടെ മെൻഡോസയുടെ മകളായ സോഫിയ ഹെർണാണ്ടസ് മെജിയ ഉദ്യോഗസ്ഥർക്ക് നേരെ ചൂടുള്ള കാപ്പി ഒഴിച്ചതായും, വിസ കാലാവധി കഴിഞ്ഞ ഇവരെയും അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ഇവർക്കെതിരെ കേസെടുക്കും. അറസ്റ്റിലായ ഇരുവരും ടകോമയിലെ നോർത്ത് വെസ്റ്റ് പ്രോസസ്സിംഗ് സെന്ററിൽ കസ്റ്റഡിയിൽ തുടരുകയാണെന്ന് ഇവരുടെ അഭിഭാഷക ഒലിയ കാറ്റാല ഞായറാഴ്ച രാത്രി അറിയിച്ചു.

താങ്ക്സ്ഗിവിംഗ് അവധിക്കാല തിരക്കിനിടെ മുൻകൂർ അറിയിപ്പൊന്നും നൽകാതെയാണ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ നടപടി സ്വീകരിച്ചതെന്ന് അലാസ്ക എയർലൈൻസ് വ്യക്തമാക്കി. മുഖംമൂടി ധരിച്ച ഉദ്യോഗസ്ഥർ സ്വയം പരിചയപ്പെടുത്താതെ യാത്രക്കാരെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് തികച്ചും അമേരിക്കൻ വിരുദ്ധമാണെന്നും ഐ.സി.ഇ പൂർണ്ണമായും നിയന്ത്രണം വിട്ട നിലയിലാണെന്നും വാഷിംഗ്ടൺ ഗവർണർ ബോബ് ഫെർഗൂസൺ രൂക്ഷമായി വിമർശിച്ചു. ഇന്ത്യൻ വംശജയായ യു.എസ് ജനപ്രതിനിധി പ്രമീള ജയപാൽ, ജനപ്രതിനിധി ആദം സ്മിത്ത് എന്നിവരും സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി.

വിമാനത്താവള സുരക്ഷാ വിഭാഗവുമായി സഹകരിച്ച് അമേരിക്കൻ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം അറസ്റ്റുകൾ വ്യാപകമാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച വാഷിംഗ്ടൺ ഡി.സിയിലെ റൊണാൾഡ് റീഗൻ വിമാനത്താവളത്തിൽ നിന്ന് പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ ചൈനീസ് വിദ്യാർത്ഥിനിയെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. 2026 സാമ്പത്തിക വർഷത്തിൽ മാത്രം 4,91,000 പേരെ ഐ.സി.ഇ അറസ്റ്റ് ചെയ്തതായാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ, നല്ല ജോലിയുള്ളവരെയും നികുതി അടയ്ക്കുന്നവരെയും നാടുകടത്തുന്ന കർശന നടപടികൾ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഒരു അഭിമുഖത്തിൽ സമ്മതിച്ചിരുന്നു.

More Stories from this section

family-dental
witywide