
കീവ്: ലിബിയൻ തീരത്ത് ഞായറാഴ്ച റഷ്യൻ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി സ്ഥിരീകരിച്ചു. യുക്രെയ്ൻ നിർമ്മിത നാവിക ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ റഷ്യയുടെ അത്യാധുനിക യുദ്ധക്കപ്പലായ ‘മെർക്കുറി’ മുക്കിയതായി അദ്ദേഹം തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. യുദ്ധമുന്നണിയിൽ നിന്ന് ഏകദേശം 1,500 മൈൽ (2,400 കിലോമീറ്റർ) അകലെ വെച്ചാണ് ഉക്രെയ്ൻ ഈ സാഹസിക ആക്രമണം നടത്തിയത്.
2023-ൽ റഷ്യൻ നാവികസേനയുടെ ഭാഗമായ ഏറ്റവും പുതിയ കപ്പലുകളിൽ ഒന്നാണ് ‘മെർക്കുറി’ കോർവെറ്റ്. ആക്രമണം തടയാൻ ശത്രുക്കൾ നടത്തിയ എല്ലാ ശ്രമങ്ങളെയും മറികടന്ന് ഏഴ് നാവിക ഡ്രോണുകൾ ഉപയോഗിച്ച് കപ്പൽ തകർക്കാൻ സാധിച്ചതായും, കപ്പലിലുണ്ടായിരുന്ന ഒരു ‘കാമോവ് കെ.എ-27’ സൈനിക ഹെലികോപ്റ്ററും നശിപ്പിച്ചതായും സെലെൻസ്കി വ്യക്തമാക്കി. ഇതിനുപുറമെ, ആയുധക്കടത്തിന് റഷ്യ ഉപയോഗിച്ചിരുന്നതും അമേരിക്കയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ഉപരോധം നേരിടുന്നതുമായ ‘എം.വി അംഗാര’ എന്ന റഷ്യൻ ചരക്കുകപ്പലിന് നേരെയും ഞായറാഴ്ച യുക്രെയ്ൻ ആക്രമണം നടത്തി.
കിഴക്കൻ ലിബിയയിലെ ബെൻഗാസി നാവിക താവളത്തിൽ നങ്കൂരമിട്ടിരുന്ന റഷ്യൻ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പുലർച്ചെ തുറമുഖത്ത് ഉഗ്രൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും തീപിടിത്തമുണ്ടായതായും പ്രദേശവാസികൾ പറഞ്ഞു. ലക്ഷ്യസ്ഥാനത്തിന് സമീപമെത്തിച്ച ഒരു ‘മദർഷിപ്പിൽ’ നിന്നാണ് ആക്രമണ ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് ഉക്രെയ്ൻ സുരക്ഷാ ഏജൻസിയായ എസ്.ബി.യു വെളിപ്പെടുത്തി. കരിങ്കടലിന് അപ്പുറത്തുള്ള സമുദ്രപാതകളിൽ പോലും റഷ്യൻ നാവികസേനയ്ക്ക് സുരക്ഷിതത്വമില്ലെന്ന് തെളിയിക്കുന്നതാണ് ഈ നീക്കമെന്നും എസ്.ബി.യു വ്യക്തമാക്കി.
അതേസമയം, ശനിയാഴ്ച ഫിൻലൻഡ് ഉൾക്കടലിൽ ‘സ്പാർട്ട 2’ എന്ന റഷ്യൻ ചരക്കുകപ്പലിന് നേരെയും ഡ്രോൺ ആക്രമണമുണ്ടാവുകയും കപ്പലിന് തീപിടിക്കുകയും ചെയ്തിരുന്നു. ഇതിൽ ഉക്രെയ്ൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ആക്രമണത്തിന് പിന്നിൽ ഉക്രെയ്ൻ ആകാനാണ് സാധ്യതയെന്ന് ഫിൻലൻഡ് സൈന്യം വിലയിരുത്തി. ബാൾട്ടിക് മേഖലയിൽ ഭീകരപ്രവർത്തനങ്ങൾ വ്യാപിക്കുന്നത് അതീവ അപകടകരമായ പ്രവണതയാണെന്നും, ഉക്രെയ്നെ ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ബാൾട്ടിക് രാജ്യങ്ങൾ ഇടപെടണമെന്നും റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് ആവശ്യപ്പെട്ടു.
ലിബിയൻ മണ്ണ് വിദേശ രാജ്യങ്ങളുടെ യുദ്ധക്കളമായി മാറാൻ അനുവദിക്കരുതെന്ന് ഐക്യരാഷ്ട്രസഭയുടെ ലിബിയൻ ദൗത്യസംഘം മുന്നറിയിപ്പ് നൽകുകയും സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. പടിഞ്ഞാറൻ ലിബിയയിലെ സൈനിക താവളങ്ങൾ കേന്ദ്രീകരിച്ച് യുക്രെയ്ൻ ഡ്രോൺ വിദഗ്ധർ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ, ഉക്രെയ്ൻ തലസ്ഥാനമായ കീവിലും തെക്കൻ മേഖലയായ സപ്പോരിജിയയിലും റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ ഒരു കുട്ടിയടക്കം 17 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.















