
വാഷിംഗ്ടൺ: ഫെഡറൽ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കാൻ ചുമതലപ്പെടുത്തുന്ന പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ നിയമപരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നാൽ സാമ്പത്തിക സംരക്ഷണം നൽകുന്ന വൻ പദ്ധതിയുമായി യുഎസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ്. കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിനിടെ തെറ്റായ പെരുമാറ്റമോ അനാവശ്യമായ ബലപ്രയോഗമോ ആരോപിക്കപ്പെട്ടാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകളിൽ നിന്ന് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ഇൻഷുറൻസ് പ്രീമിയത്തിന് സബ്‌സിഡി നൽകാനാണ് ഏജൻസി തയ്യാറെടുക്കുന്നത്.
കഴിഞ്ഞ വർഷം ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിന് പിന്നാലെ പ്രാദേശിക പൊലീസ് വകുപ്പുകളുമായുള്ള ഐസിഇയുടെ സഹകരണം വൻതോതിൽ വർദ്ധിച്ചിരുന്നു. കേസ് നടപടികളും സാമ്പത്തിക ബാധ്യതകളും ഭയന്ന് പല പ്രാദേശിക പൊലീസ് വകുപ്പുകളും മുൻപ് ഫെഡറൽ കുടിയേറ്റ വിരുദ്ധ ദൗത്യങ്ങളിൽ പങ്കാളികളാകാൻ മടിച്ചിരുന്നു. പുതിയ ഇൻഷുറൻസ് സംരക്ഷണം നിലവിൽ വരുന്നതോടെ കൂടുതൽ പ്രാദേശിക പൊലീസ് സേനകൾ ഐസിഇയുടെ ഭാഗമാകുമെന്നാണ് കരുതപ്പെടുന്നത്. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ആണ് ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
പുതിയ പദ്ധതി പ്രകാരം ഉദ്യോഗസ്ഥർക്ക് വ്യക്തിഗത ബാധ്യതകൾ കവർ ചെയ്യുന്നതിനായി 5 ലക്ഷം ഡോളർ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ സ്വന്തമാക്കാം. നിയമപരമായ ചെലവുകൾ, കോടതി വഴിയുള്ള നഷ്ടപരിഹാരങ്ങൾ, ഒത്തുതീർപ്പ് തുകകൾ എന്നിവ ഇതിൽ നിന്ന് വിനിയോഗിക്കാം. ഉദ്യോഗസ്ഥർ അടയ്ക്കുന്ന ഇൻഷുറൻസ് തുകയിൽ വർഷത്തിൽ 250 ഡോളർ വരെ തിരികെ നൽകാനും പദ്ധതി നിർദ്ദേശിക്കുന്നുണ്ട്.
അതേസമയം, ഐസിഇയുടെ ഈ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി മനുഷ്യാവകാശ പ്രവർത്തകരും നിയമ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ തങ്ങളുടെ നിയമവിരുദ്ധമായ നടപടികൾക്ക് മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ഈ പദ്ധതി വഴിവെക്കുമെന്ന് വിർജീനിയയിലെ പ്രമുഖ തിങ്ക് ടാങ്കായ കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇമിഗ്രേഷൻ സ്റ്റഡീസ് ഡയറക്ടർ ഡേവിഡ് ബിയർ ആരോപിച്ചു. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടാലും ഉദ്യോഗസ്ഥർക്ക് നിയമപരമായ യാതൊരു സാമ്പത്തിക ഉത്തരവാദിത്തവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് ഏജൻസി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
1996-ലെ കുടിയേറ്റ നിയമത്തിലെ 287(g) വകുപ്പ് പ്രകാരം പ്രാദേശിക പൊലീസ് സേനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന പങ്കാളിത്ത പദ്ധതി കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഐസിഇ ഈ നീക്കം നടത്തുന്നത്. ഇൻഷുറൻസ് വെണ്ടർമാരെ കണ്ടെത്തുന്നതിനും ജീവനക്കാർക്ക് പരിശീലനവും ആശയവിനിമയ പിന്തുണയും നൽകുന്നതിനുമായി ഒരു സ്വകാര്യ കോൺട്രാക്ടറെ നിയമിക്കാനും ഏജൻസി ആലോചിക്കുന്നുണ്ട്.















