യുഎസ് ഡാറ്റാ സെന്ററുകളെ ന്യായീകരിച്ച് ട്രംപ്; ഡാറ്റാ സെന്ററുകൾ തടഞ്ഞാൽ ചൈനയ്ക്ക് നേട്ടമാകും

വാഷിങ്ടൺ: യുഎസിൽ ഡാറ്റാ സെന്ററുകളുടെ നിർമാണം തടയരുതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പദ്ധതികൾ തടഞ്ഞാൽ ചൈനയ്ക്ക് നേട്ടമാകുമെന്നും ഡാറ്റാ സെന്ററുകൾ യുഎസിന് വലിയ സാമ്പത്തിക നേട്ടം നൽകുമെന്നും ട്രംപ് പറഞ്ഞു. അടുത്ത മാസം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒഹായോയിൽ നടന്ന റാലിയിലായിരുന്നു പ്രതികരണം.

ഡാറ്റാ സെന്ററുകൾ ഒഹായോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വലിയ നിക്ഷേപവും സാമ്പത്തിക നേട്ടവും കൊണ്ടുവരുമെന്ന് ട്രംപ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ യുഎസ്-ചൈന മത്സരവും അദ്ദേഹം പരാമർശിച്ചു. ‘സൂപ്പർ ഇന്റലിജൻസ്’ രംഗത്ത് യുഎസ് ചൈനയെക്കാൾ മുന്നിലാണെന്നും ഈ മേഖലയിൽ മുന്നേറ്റം നിലനിർത്താൻ ഡാറ്റാ സെന്ററുകൾ ആവശ്യമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം ഡാറ്റാ സെന്ററുകൾ മൂലമുള്ള വൈദ്യുതി ചെലവ് മറ്റ് ഉപഭോക്താക്കൾക്ക് ബാധ്യതയാകുന്നത് തടയാനുള്ള നിയമനിർമാണത്തെ ട്രംപ് പിന്തുണച്ചു. റിപ്പബ്ലിക്കൻമാർ നിയന്ത്രണം നിലനിർത്തിയാൽ ‘റേറ്റ്‌പേയർ പ്രൊട്ടക്ഷൻ ആക്ട്’ 24 മണിക്കൂറിനുള്ളിൽ നിയമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമിതമായ വൈദ്യുതി, വെള്ളം, ഭൂമി ഉപയോഗം ചൂണ്ടിക്കാട്ടി യുഎസിലെ വിവിധ പ്രദേശങ്ങളിൽ ഡാറ്റാ സെന്റർ പദ്ധതികൾക്കെതിരെ പ്രതിഷേധം ശക്തമാണ്. പുതിയ വൈദ്യുത നിലയങ്ങൾ, സബ്‌സ്റ്റേഷനുകൾ, പ്രസരണ ലൈനുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നതിനുള്ള ചെലവ് ഒടുവിൽ സാധാരണ ഉപഭോക്താക്കൾ വഹിക്കേണ്ടിവരുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

വെള്ളത്തിന്റെ അമിത ഉപയോഗം, ശബ്ദമലിനീകരണം, വൻതോതിലുള്ള ഭൂവിനിയോഗം എന്നിവയും വിമർശനങ്ങൾക്ക് കാരണമാകുന്നു. കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് നിർമിക്കുന്ന ഡാറ്റാ സെന്ററുകൾ താരതമ്യേന കുറച്ച് സ്ഥിരം തൊഴിലവസരങ്ങൾ മാത്രമാണ് സൃഷ്ടിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി 32 ദിവസത്തെ പ്രചാരണ പര്യടനത്തിന്റെ ഭാഗമായാണ് ട്രംപ് ഒഹായോയിലെത്തിയത്.

‘There’s so much money to be made’: Trump defends US data centres, warns they could go to China

More Stories from this section

family-dental
witywide