
ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം മനഃപൂർവം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഒമാൻ പൗരനും സഹപൈലറ്റുമായ ഹമാം അൽ-ഹമ്മാമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. ചോദ്യം ചെയ്യലിൽ, വിമാനം തകർക്കാൻ തന്നെയാണ് താൻ ലക്ഷ്യമിട്ടതെന്നും മരണത്തെ ഭയമില്ലെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ‘വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്തു. തീവ്രവാദ വെബ്‌സൈറ്റുകൾ നിരന്തരം സന്ദർശിച്ചതിനെ തുടർന്ന് മുൻപ് ഒമാൻ എയർ ഇയാളെ വിമാനം പറത്തുന്നതിൽ നിന്ന് വിലക്കി ഡീറാഡിക്കലൈസേഷൻ പ്രോഗ്രാമിന് വിധേയനാക്കി ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. ഇത്തരത്തിൽ തീവ്രവാദ ആശയങ്ങൾ വെച്ചുപുലർത്തിയതിനെ തുടർന്ന് മാറ്റിനിർത്തപ്പെട്ട ഇയാൾക്ക് എങ്ങനെ വീണ്ടും കോക്പിറ്റിലേക്ക് പ്രവേശനം ലഭിച്ചുവെന്നതിനെക്കുറിച്ച് വിപുലമായ അന്വേഷണമാണ് നടക്കുന്നത്.
2025-ൽ ഒമാൻ എയർ വിട്ട ഹമ്മാമിയെ 2026 ഫെബ്രുവരിയിലാണ് ഫ്ലൈ ദുബായ് ഫസ്റ്റ് ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ ഇയാളുടെ മുൻകാല പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങൾ ഫ്ലൈ ദുബായ് അന്വേഷിച്ചിരുന്നോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. തൊഴിൽ സുരക്ഷാ പരിശോധനകൾക്കായി ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ തേടി മറ്റ് എയർലൈനുകളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ യാതൊരു അഭ്യർത്ഥനയും ഒമാന് ലഭിച്ചിരുന്നില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
ഒമാനി പിതാവിനും സിറിയൻ മാതാവിനും ജനിച്ച ഹമ്മാമി തന്റെ ചെറുപ്പകാലത്ത് ബഷാർ അൽ അസദ് സർക്കാരിനെതിരായ വിമത പോരാട്ടങ്ങൾ കൊടുമ്പിരിക്കൊണ്ട സമയത്താണ് സിറിയയിൽ കഴിഞ്ഞിരുന്നത്. സിറിയയിലെ താമസത്തിനിടയിലാണോ ഇയാൾ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടനായതെന്ന് അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണ്. നിലവിൽ ഇയാളുടെ സുരക്ഷാ വീഴ്ചകളും ആഗോള ഏവിയേഷൻ ബന്ധങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.











