‘എന്നെ ലക്ഷ്യമിട്ടാൽ നിങ്ങളും അപകടത്തിലാകും’; ഇറാന്റെ ഡ്രോൺ ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപിന്റെ മറുപടി

വാഷിങ്ടൺ: ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ തന്നെ ലക്ഷ്യമിടുമോയെന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ തന്നെ ലക്ഷ്യമിട്ടാൽ സമീപത്തുള്ള മാധ്യമപ്രവർത്തകനും അപകടത്തിലാകുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെക്കുറിച്ച് ആശങ്കയുണ്ടോയെന്ന് ട്രംപിനോട് ചോദിച്ചത്. “എനിക്ക് ആശങ്ക നിങ്ങളെക്കുറിച്ചാണ്. അവർ എന്നെ ലക്ഷ്യമിട്ടാൽ നിങ്ങളും അപകടത്തിലാകും. സൂക്ഷിക്കുക” എന്നായിരുന്നു മറുപടി. തുടർന്ന് താൻ നിന്നിരുന്ന സ്ഥലത്തിന് ചുറ്റും കൈകൊണ്ട് വൃത്താകൃതിയിൽ ആംഗ്യം കാണിക്കുകയും ചെയ്തു.

ഇറാന്റെ സൈന്യത്തിനെതിരായ പോരാട്ടമുൾപ്പെടെ 357 ദിവസം നീണ്ട വിന്യാസത്തിനുശേഷം യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രൂവൻസ് കാലിഫോർണിയയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് സംഭവം. കപ്പലിന്റെ കമാൻഡിങ് ഓഫിസർ ലീ ആർ. ടേറ്റിനും എക്സിക്യൂട്ടീവ് ഓഫിസർ ജെഫ്രി ഇ. യോർക്കിനും നേരെ ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസി സമൂഹമാധ്യമമായ എക്സിലൂടെ ഭീഷണി മുഴക്കിയിരുന്നു. ‘ഞങ്ങൾ നിങ്ങളെ കണ്ടെത്തും’ എന്നായിരുന്നു നവംബർ 13ന് എംബസി പങ്കുവച്ച സന്ദേശം. ഇതോടെ യുഎസ് സൈനികർക്കെതിരായ ഇറാന്റെ തിരിച്ചടി സാധ്യതയെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.

ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ഇറാന്റെ മിസൈലുകളുടെയും ഡ്രോണുകളുടെയും 99.99 ശതമാനവും യുഎസ് സൈന്യം തകർത്തതായി ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ യുഎസ് സെൻട്രൽ കമാൻഡ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആദ്യഘട്ട ആക്രമണത്തെക്കുറിച്ചുള്ള സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്സ്’ പരിപാടിയിലെ റിപ്പോർട്ടിങ് വസ്തുതാപരമല്ലെന്നും ട്രംപ് വിമർശിച്ചു. 2026 ഫെബ്രുവരി 28ന് ഓപ്പറേഷൻ എപിക് ഫ്യൂറി ആരംഭിച്ചതിനുശേഷം ഇറാൻ 8,000 മുതൽ 9,000 വരെ ഡ്രോണുകൾ പ്രയോഗിച്ചെന്നും രണ്ടെണ്ണം മാത്രമാണ് പ്രതിരോധം മറികടന്നതെന്നും ട്രംപ് അവകാശപ്പെട്ടു.

ഏകദേശം 2,000 ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിൽ ഒരെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിയതെന്നും ജോർദാനിൽ യുഎസ് സൈനികരുടെ മരണത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കുവൈത്തിലെ ഇറാൻ ഡ്രോൺ ആക്രമണത്തിൽ ആറു യുഎസ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ സൈനിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുഎസ് സൈനിക മേജർ സ്റ്റീഫൻ റാംസ്ബോട്ടം രംഗത്തെത്തിയിരുന്നു. ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ മതിയായ സംവിധാനങ്ങളില്ലെന്ന മുന്നറിയിപ്പ് മുതിർന്ന ഉദ്യോഗസ്ഥർ അവഗണിച്ചെന്നാണ് ആരോപണം. സംഭവത്തിൽനിന്ന് രക്ഷപ്പെട്ട റാംസ്ബോട്ടം യുഎസ് കോൺഗ്രസിനും പരാതി നൽകിയിട്ടുണ്ട്.

കുവൈത്തിലെ പോർട്ട് ഷുഐബ സൈനിക കേന്ദ്രത്തിൽ ഡോക്ടറോ സ്ഥിരമായ ചികിത്സാ സംവിധാനമോ ഉണ്ടായിരുന്നില്ലെന്നും ഒരു ആംബുലൻസ് മാത്രമാണ് ഉണ്ടായിരുന്നതെന്നും പരാതിയിൽ പറയുന്നു. അതിനിടെ, വാഷിങ്ടണിൽ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഡേർട്ടി ബോംബോ രാസായുധമോ ഉപയോഗിച്ച് ലക്ഷ്യമിടാൻ ഇറാൻ പദ്ധതിയിടുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഏഴ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.ആക്രമണം ഉടൻ ഉണ്ടാകുമെന്നതിന്റെ സൂചനയല്ല രഹസ്യാന്വേഷണ വിവരങ്ങളെന്നും ഭാവിയിൽ ആക്രമണത്തിനുള്ള സാധ്യതകൾ ഇറാൻ പരിഗണിക്കുന്നതായാണ് വ്യക്തമാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ആക്രമണത്തിന് പരിഗണിക്കുന്ന പ്രത്യേക സ്ഥലങ്ങളും ലക്ഷ്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് യുഎസ് അധികൃതർ മുൻകരുതൽ നടപടികൾ ആസൂത്രണം ചെയ്തുവരികയാണ്. രാജ്യത്തിന് നേരെയുള്ള എല്ലാ ഭീഷണികളും നിരീക്ഷിക്കുന്നുണ്ടെന്നും നിലവിൽ യുഎസിനുള്ളിൽ ആക്രമണത്തിന് വിശ്വസനീയമായ സൂചനകളൊന്നുമില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ലോറൻ ബിസ് അറിയിച്ചു. ഇറാനുമായി ബന്ധപ്പെട്ട ഭീഷണികളെ തുടർന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിനെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൈനിക താമസകേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.

‘If they get me, you’re gone too’: Trump on whether he fears Iranian drone attacks

More Stories from this section

family-dental
witywide