‘ജീവനോടെ ഇരുന്നാലേ നിരപരാധിത്വം തെളിയിക്കാനാകൂ, ആരോഗ്യനില അതീവ ഗുരുതരം; ജയിലിൽ നിന്ന് അടിയന്തര ചികിത്സയ്ക്ക് അഭ്യർത്ഥിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന തൻ്റെയും ഭാര്യയുടെയും ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടിയന്തര വൈദ്യസഹായത്തിന് അഭ്യർത്ഥിച്ചു. “74-ാം വയസ്സിൽ, ഈ നിരന്തരമായ പീഡനം എന്നെ ജീവനോടെ തിരിച്ചെത്താനാകാത്ത ഒരിടത്തേക്കാണ് കൊണ്ടുപോകുന്നത്,” അഭിഭാഷകനായ സൽമാൻ സഫ്ദർ വഴി പുറത്തുവിട്ട കത്തിൽ അദ്ദേഹം കുറിച്ചു.

മസ്തിഷ്ക രക്തസ്രാവത്തിനും ഹൃദയാഘാതത്തിനും തനിക്ക് സാധ്യത കൂടുതലാണെന്ന് ഡോക്ടർമാർ അറിയിച്ചതായി ഖാൻ കത്തിൽ വെളിപ്പെടുത്തി. ഹൃദയത്തിന് ഇതിനകം തന്നെ തകരാറുകൾ സംഭവിച്ചിട്ടുണ്ട്. ജയിൽ അധികൃതരുടെ അനാസ്ഥ കാരണം വലതുകണ്ണിൻ്റെ കാഴ്ച ഏറെക്കുറെ നഷ്ടപ്പെട്ടതായി കുടുംബവും ആരോപിക്കുന്നു.

ഏപ്രിലിൽ റെറ്റിന വേർപെട്ടതിനെ തുടർന്ന് രഹസ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയയായ ഭാര്യ ബുഷ്‌റ ബീബിയുടെ ആരോഗ്യത്തിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. തുടർ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ അവരുടെ കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും ഖാൻ ഭയപ്പെടുന്നു.

ദിവസവും 22 മണിക്കൂർ വരെ തന്നെ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ഖാൻ ആരോപിച്ചു. കുടുംബാംഗങ്ങളെ കാണാനോ, പുസ്തകങ്ങളും ടെലിവിഷനും ഉപയോഗിക്കാനോ അനുവദിക്കുന്നില്ല. ഇത് മാനസികാരോഗ്യത്തെ കഠിനമായി ബാധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ നാല് തവണ മാത്രമാണ് അഭിഭാഷകരെ കാണാൻ സാധിച്ചത്. “ജീവനോടെ ഇരുന്നാൽ മാത്രമേ എനിക്ക് എൻ്റെ നിരപരാധിത്വം തെളിയിക്കാൻ കഴിയൂ,” അദ്ദേഹം കത്തിൽ വ്യക്തമാക്കി.

എന്നാൽ ഇമ്രാൻ ഖാൻ്റെ ആരോപണങ്ങൾ പാക് സർക്കാർ പൂർണ്ണമായും തള്ളിക്കളഞ്ഞു. പാകിസ്ഥാനിൽ നിലവിൽ ഏറ്റവും കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്ന തടവുകാരൻ ഇമ്രാൻ ഖാനാണെന്ന് പാർലമെൻ്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി പറഞ്ഞു. ഇഷ്ടമുള്ള ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന് നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആഴ്ചതോറും ഡോക്ടർമാർ ഖാനെ പരിശോധിക്കുന്നുണ്ടെന്നും, ഒരാഴ്ച മുമ്പ് സർക്കാർ ആശുപത്രിയിൽ കണ്ണിന് ചികിത്സ നൽകിയപ്പോൾ അദ്ദേഹത്തിൻ്റെ നില തൃപ്തികരമാണെന്ന് വിലയിരുത്തിയിരുന്നതായും അധികൃതർ അറിയിച്ചു.

നൂറിലധികം കേസുകൾ നേരിടുന്ന ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹത്തിൻ്റെ വാദം. ജയിലിലാണെങ്കിലും പാക് രാഷ്ട്രീയത്തിൽ ഇപ്പോഴും നിർണ്ണായക ശക്തിയായ ഖാൻ്റെ മോചനം ആവശ്യപ്പെട്ട് ഒക്ടോബറിൽ അനുയായികൾ വൻ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഖാന് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റൻമാരും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ചിട്ടുണ്ട്.

Imran Khan requests urgent medical treatment from prison.

More Stories from this section

family-dental
witywide