
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലെ രണ്ട് പ്രധാന പാലങ്ങൾക്ക് നേരെ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടം. ഡിനിപ്രോ നദിക്ക് കുറുകെയുള്ള കീവിലെ വടക്കൻ, തെക്കൻ പാലങ്ങളിലാണ് മിസൈലുകൾ പതിച്ചതെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. ആക്രമണത്തെത്തുടർന്ന് നഗരത്തിലെ ജല-വൈദ്യുതി വിതരണവും ഹീറ്റിംഗ് സംവിധാനങ്ങളും പൂർണ്ണമായും തടസ്സപ്പെട്ടു.
ചൊവ്വാഴ്ച അർദ്ധരാത്രിക്ക് തൊട്ടുമുമ്പായിരുന്നു കീവിനെ നടുക്കിയ ഉഗ്ര സ്ഫോടനങ്ങളുണ്ടായത്. ആക്രമണത്തിൽ നഗരത്തിലെ ഭൂഗർഭ മെട്രോയുടെ ഉപരിതല സർവീസുകൾക്കും കേടുപാടുകൾ സംഭവിച്ചു. അപായ സൈറണുകൾ മുഴങ്ങിയതോടെ ലക്ഷക്കണക്കിന് ആളുകൾ ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും ബങ്കറുകളിലും അഭയം തേടി. കീവിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളെ ബന്ധിപ്പിക്കുന്ന എട്ട് പ്രധാന പാലങ്ങളെയാണ് ഏകദേശം 30 ലക്ഷത്തോളം വരുന്ന നഗരവാസികൾ യാത്രയ്ക്കായി ആശ്രയിക്കുന്നത്. ചെർകാസി മേഖലയിലുണ്ടായ മറ്റൊരു റഷ്യൻ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, റഷ്യയെ അധിനിവേശ ക്രെമിയയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കെർച്ച് പാലത്തിന് നേരെ തുടർച്ചയായ രണ്ടാം ദിവസവും യുക്രെയ്ൻ ശക്തമായ ആക്രമണം നടത്തി. ആക്രമണത്തെത്തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചതായി പ്രദേശത്തെ മോസ്കോ നിയമിത ഗവർണർ സെർജി അക്സിയോനോവ് അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ യുക്രെയ്ൻ അയച്ച 2,049 ഡ്രോണുകളും നാല് ദീർഘദൂര മിസൈലുകളും തകർത്തതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. ഇതിൽ 600 ഡ്രോണുകൾ മോസ്കോ ലക്ഷ്യമിട്ടാണ് എത്തിയതെന്ന് മോസ്കോ മേയർ സെർജി സോബിയാനിൻ വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക, യുക്രെയ്ൻ, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ തിങ്കളാഴ്ച ഓൺലൈൻ ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിച്ചത്. യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങി യൂറോപ്പിലെ പ്രമുഖ രാജ്യങ്ങളുടെ പ്രതിനിധികൾ ആദ്യമായി പങ്കെടുത്ത ചർച്ച “പ്രയാസകരമായിരുന്നു” എന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പ്രതികരിച്ചു. റഷ്യയ്ക്ക് ഉത്തരകൊറിയയിൽ നിന്ന് പ്രതിമാസം ഡസൻ കണക്കിന് മിസൈലുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, യുക്രെയ്നിന് ശക്തമായ സുരക്ഷാ ഉറപ്പുകളും യൂറോപ്യൻ യൂണിയൻ അംഗത്വത്തിനുള്ള പിന്തുണയും നൽകുമെന്ന് യുഎസ് പ്രതിനിധി ജാരെഡ് കുഷ്നർ വ്യക്തമാക്കി.
ഈ മാസം ആദ്യം തെക്കൻ ഉക്രെയ്ൻ ഗ്രാമമായ കാമിഷുവാഖയിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി ഉയർന്നു. 2022-ൽ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്. പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, സാധാരണക്കാർ എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
Russia carries out massive explosions in Ukraine at midnight, destroying two key bridges and disrupting water and electricity supplies in the city of Kyiv.















