‘സ്വയം വിശ്വസിച്ചില്ലെങ്കിൽ ന്യൂയോർക്ക് നിങ്ങളെ വിഴുങ്ങും’; വിജയസ്വപ്നവുമായി എത്തുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ യുവാവ്

ന്യൂയോർക്ക്: സ്വപ്നങ്ങളും അവസരങ്ങളും നിറഞ്ഞ നഗരമെന്ന വിശേഷണമുള്ള ന്യൂയോർക്കിലെ ജീവിതത്തിന്റെ യാഥാർഥ്യം തുറന്നുപറഞ്ഞ് ഒരു ഇന്ത്യൻ യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴിഞ്ഞ പത്ത് വർഷമായി ന്യൂയോർക്കിൽ താമസിക്കുന്ന യുവാവാണ് നഗരത്തിൽ വിജയിക്കാൻ പണം മാത്രം പോരെന്നും, ആത്മവിശ്വാസവും അക്ഷീണമായ പരിശ്രമവുമാണ് ഏറ്റവും പ്രധാനമെന്നും പറയുന്നത്. ഇന്ത്യൻ സഞ്ചാരിയായ കുനാൽ ദത്തിനോടുള്ള സംഭാഷണത്തിനിടെയാണ് യുവാവ് ന്യൂയോർക്കിലെ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

“ഈ നഗരത്തിൽ നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് സന്തോഷമില്ലെങ്കിൽ, നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ അഭിമാനമില്ലെങ്കിൽ, ഈ നഗരം നിങ്ങളെ വിഴുങ്ങും,” എന്നാണ് യുവാവ് പറയുന്നത്. ന്യൂയോർക്കിൽ എല്ലാവരും അതിവേഗത്തിൽ മുന്നേറുന്നതാണ് കാണുന്നതെന്നും, മറ്റുള്ളവരുടെ വളർച്ച കണ്ട് സ്വയം പിന്നിലാണെന്ന തോന്നൽ പലരെയും മാനസികമായി തളർത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനൊപ്പം നഗരത്തിലെ ഉയർന്ന ജീവിതച്ചെലവും വലിയ വെല്ലുവിളിയാണെന്നും കൂട്ടിച്ചേർത്തു.

ഇതിനിടെ, ന്യൂയോർക്കിലെ ഒരു നല്ല റെസ്റ്റോറന്റിൽ ഉച്ചഭക്ഷണം കഴിക്കാൻ പോലും 100 മുതൽ 150 ഡോളർ വരെ ചെലവാകുമെന്ന് കുനാൽ ദത്ത് പറഞ്ഞു. ജോലിയും പണവും അവസരങ്ങളും അതിവേഗത്തിൽ മുന്നേറുന്ന സാഹചര്യത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടാൽ നഗരത്തിന്റെ സമ്മർദം ആളുകളെ തളർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂയോർക്കിലേക്ക് എത്തുന്നവരിൽ ഭൂരിഭാഗവും ജീവിതത്തിലെ ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യാൻ തയ്യാറായിരിക്കുന്ന ഘട്ടത്തിലാണെന്നും യുവാവ് പറഞ്ഞു.

ന്യൂയോർക്കിൽ പിടിച്ചുനിൽക്കണമെങ്കിൽ ‘ഹസ്ലർ’ ആയിരിക്കണമെന്നും, തന്റെ ജീവിതത്തിലെ ഏറ്റവും ഊർജസ്വലമായ കാലഘട്ടം 23 മുതൽ 35-36 വയസ്സ് വരെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹം, കുട്ടികൾ, സ്വന്തം വീട് തുടങ്ങിയ കാര്യങ്ങൾ ചിന്തിക്കാൻ തുടങ്ങുന്നതോടെ പലരും ന്യൂയോർക്ക് വിട്ട് പ്രാന്തപ്രദേശങ്ങളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ മാറുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ന്യൂയോർക്കിൽ വലിയ വീടും തോട്ടവും മികച്ച സ്കൂളുകളും ലഭ്യമാക്കുന്നത് ബുദ്ധിമുട്ടായതിനാൽ അഞ്ച് മുതൽ ആറ് വർഷം നഗരത്തിൽ കഴിഞ്ഞ ശേഷം പലരും പ്രാന്തപ്രദേശങ്ങളിലേക്ക് താമസം മാറ്റുന്നതായും യുവാവ് പറഞ്ഞു.

ഫ്ലോറിഡയും ടെക്സാസും പലരുടെയും ഇഷ്ടകേന്ദ്രങ്ങളാണെന്നും, അവിടെ ഫെഡറൽ നികുതി മാത്രമാണ് നൽകേണ്ടത്, സംസ്ഥാന വരുമാന നികുതി ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് മധ്യ അമേരിക്കയിലെ പല നഗരങ്ങളിലും ജീവിതച്ചെലവ് വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ പങ്കുവെച്ച കുനാൽ ദത്ത്, ജീവിതത്തിൽ വേഗത്തിൽ ബന്ധങ്ങൾ സ്ഥാപിക്കുക, അവസരങ്ങൾ തിരിച്ചറിയുക, സ്വയം നിരുത്സാഹപ്പെടുത്തുന്ന ചിന്തകൾ ഒഴിവാക്കുക, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളുമായി ഇടപഴകുക, പ്രയാസകാലത്തും സ്വന്തം ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുക എന്നിവയാണ് ന്യൂയോർക്ക് ജീവിതം പഠിപ്പിച്ച പ്രധാന പാഠങ്ങളെന്ന് കുറിച്ചു.

വീഡിയോയ്ക്ക് താഴെ നിരവധി പേർ അനുഭവങ്ങൾ പങ്കുവച്ചു. ഇത് പൂർണമായും ശരിയാണ്, ഞാനും യോജിക്കുന്നു, അതുകൊണ്ടാണ് ന്യൂയോർക്ക് എന്റെ പ്രിയപ്പെട്ട നഗരം തുടങ്ങിയ പ്രതികരണങ്ങളാണ് നിരവധി പേർ രേഖപ്പെടുത്തിയത്.

More Stories from this section

family-dental
witywide