‘ചൈനയ്ക്കും റഷ്യയ്ക്കും നഷ്ടപ്പെടാൻ ഏറെയുണ്ട്’; ഇറാനെ ഇരുരാജ്യങ്ങളും സഹായിക്കുന്നുവെന്ന ആരോപണം തള്ളി ട്രംപ്

ഇറാനെ ചൈനയും റഷ്യയും സഹായിക്കുന്നുവെന്ന ആരോപണം തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് ബെയ്ജിങ്ങും മോസ്കോയും ഒരു തരത്തിലുള്ള സഹായവും നൽകുന്നുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ചൊവ്വാഴ്ച വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കും നഷ്ടപ്പെടാൻ ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപ് ആരോപണങ്ങൾ ഉന്നയിക്കുന്നവരെ വിമർശിച്ചത്.

ചൈനയും റഷ്യയും ‘മഹത്തായ’ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ സഹായിക്കുന്നുവെന്ന് തീവ്ര ഇടതുപക്ഷത്തെ വിഡ്ഢികളും ഭ്രാന്തന്മാരും പറയുന്നത് ഞാൻ കാണുന്നുണ്ട്. അവർ സഹായിക്കുന്നുണ്ടെങ്കിൽത്തന്നെ അത് വളരെ ചെറിയ തോതിലായിരിക്കും. എന്നാൽ അവർ സഹായിക്കുന്നുണ്ടെന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല. അവർക്ക് നഷ്ടപ്പെടാൻ ഏറെയുണ്ട്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ അറിയും. വളരെ വേഗം തന്നെ അറിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

സംഘർഷത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ട്രംപ് നേരത്തേ വിശേഷിപ്പിച്ചിരുന്നു. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് റഷ്യയും ചൈനയും. അതേസമയം, യുഎസിന്റെ നേതൃത്വത്തിലുള്ള സൈനിക നീക്കത്തിന്റെ ചില വശങ്ങളെ ഇരുരാജ്യങ്ങളും പരസ്യമായി വിമർശിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

മധ്യപൂർവദേശത്ത് യുദ്ധം ആണവായുധ മത്സരത്തിന് വഴിവച്ചേക്കാമെന്ന് റഷ്യ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെതിരായ യുഎസ് ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും ചൈന വിമർശിച്ചിരുന്നു. കഴിഞ്ഞ മാസം വാഷിങ്ടണിലെത്തിയ ഷി ജിൻപിങ്ങിനോട് ഇറാന് സൈനിക സഹായം നൽകുന്നതിനെതിരെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ചൈന അത്തരമൊരു സഹായം നൽകില്ലെന്ന് യുഎസിന് ഉറപ്പുനൽകിയതായി ചൈനയിലെ യുഎസ് അംബാസഡർ വ്യക്തമാക്കിയിരുന്നു.

ഇറാന് തോളിൽവച്ച് വിക്ഷേപിക്കാവുന്ന വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങൾ ചൈന നൽകിയെന്നും എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിച്ചെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം തുടങ്ങിയത്.

They have too much to lose’: Trump dismisses claims China, Russia are helping Iran ‘at all’

More Stories from this section

family-dental
witywide