
വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഇന്ത്യൻ വംശജനായ മിഷിഗൺ നിയമസഭാംഗം രഞ്ജീവ് പുരി ഒരുങ്ങുന്നു. നവംബർ 3-ന് നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ മിഷിഗൺ സംസ്ഥാന ജനപ്രതിനിധി സഭയുടെ (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ്) സ്പീക്കർ പദവിയാണ് ഡെമോക്രാറ്റിക് പാർട്ടി നേതാവായ രഞ്ജീവ് പുരി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ, അമേരിക്കയിലെ ഒരു സംസ്ഥാന നിയമസഭയിൽ സ്പീക്കറാകുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കക്കാരനായി 42-കാരനായ പുരി മാറും.
നിലവിൽ 110 അംഗങ്ങളുള്ള മിഷിഗൺ ജനപ്രതിനിധി സഭ റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലാണ്. മാറ്റ് ഹാൾ ആണ് നിലവിലെ സ്പീക്കർ. എന്നാൽ ഇത്തവണ ഭരണം പിടിച്ചെടുക്കാൻ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകൾ. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആലിസൺ കേ ഫുള്ളറിനെതിരെയാണ് പുരി ഇത്തവണ മത്സരിക്കുന്നത്. മിഷിഗണിൽ ഡെമോക്രാറ്റിക് പാർട്ടിക്കാരിയായ ഗ്രെച്ചൻ വിറ്റ്മർ ആണ് ഗവർണറെങ്കിലും സഭയിലെ ഭൂരിപക്ഷം റിപ്പബ്ലിക്കൻമാർക്കാണ്.
പഞ്ചാബി കുടിയേറ്റ ദമ്പതികളുടെ മകനായ രഞ്ജീവ് പുരി, 2020-ലാണ് മിഷിഗൺ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. മിഷിഗൺ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യത്തെ സിഖ് അമേരിക്കക്കാരൻ കൂടിയാണ് അദ്ദേഹം. നിലവിൽ സഭയിൽ തന്റെ മൂന്നാമത്തെ ടേം പൂർത്തിയാക്കുന്ന പുരിയെ, 2025-ൽ ഹൗസിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായി നിയമിച്ചിരുന്നു. മുൻപ് 2008, 2012 വർഷങ്ങളിൽ ബരാക് ഒബാമയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാമ്പെയ്‌നുകളിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. ഷിക്കാഗോ സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദം നേടിയ ശേഷം ഓട്ടോമോട്ടീവ് മേഖലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മിഷിഗണിൽ നിർണ്ണായക സ്വാധീനമുള്ള ഇന്ത്യൻ വംശജരുടെ വോട്ടുകളിലാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ. ‘ഇന്ത്യൻ അമേരിക്കൻ വോട്ടർ അറ്റ്ലസ്’ പ്രകാരം 1.27 ലക്ഷത്തോളം ഇന്ത്യൻ വംശജർ മിഷിഗണിലുണ്ട്. ഇത് സംസ്ഥാന ജനസംഖ്യയുടെ 1.27 ശതമാനത്തോളമാണ്. നവംബർ 3-ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ രഞ്ജീവ് പുരി അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്ര അധ്യായം എഴുതിച്ചേർക്കുമോ എന്ന് വ്യക്തമാകും.
Indian-origin man to make history in America; Ranjeev Puri aims for Michigan House Speaker post













