
വാഷിംഗ്ടൺ: യു.എസിൽ ഐ.ടി ഉൾപ്പെടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി വിസ നിയമങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി അമേരിക്കൻ ഭരണകൂടം. ജോലി നഷ്ടപ്പെടുന്ന വിദേശ ജീവനക്കാർക്ക് പുതിയ സ്പോൺസറെ കണ്ടെത്താനോ വിസ സ്റ്റാറ്റസ് മാറ്റാനോ നിലവിൽ അനുവദിച്ചിട്ടുള്ള 60 ദിവസത്തെ ‘ഗ്രേസ് പിരീഡ്’ (ഇളവ് കാലയളവ്) പൂർണ്ണമായും നിർത്തലാക്കാനാണ് നീക്കം. യു.എസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സമർപ്പിച്ച ഈ നിർണ്ണായക നിർദ്ദേശത്തിന് വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സ് (OIRA) അംഗീകാരം നൽകിയതായി ബ്ലൂംബെർഗ് ലോ റിപ്പോർട്ട് ചെയ്തു.
നിലവിലെ നിയമപ്രകാരം എച്ച്-1ബി, എൽ-1, ഒ-1 വിസകളിലുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താൻ 60 ദിവസത്തെ സമയം ലഭിക്കുമായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഈ ആനുകൂല്യം ഇല്ലാതാകും. ഇതോടെ ജോലി നഷ്ടപ്പെടുന്ന വിദേശ ജീവനക്കാരും അവരുടെ ആശ്രിതരും ഒരൊറ്റ ദിവസം പോലും യു.എസിൽ തുടരാനാകാതെ ഉടൻ തന്നെ രാജ്യം വിടേണ്ടി വരും. 2017 മുതലാണ് വിദേശ ജീവനക്കാർക്ക് ആശ്വാസമായി ഈ ഇളവ് അനുവദിച്ചു തുടങ്ങിയിരുന്നത്.
‘എലിമിനേറ്റിംഗ് ദി ഡിസ്‌ക്രെഷനറി 60-ഡേ ഗ്രേസ് പിരീഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ നിർദ്ദിഷ്ട നിയമം ഈ മാസമാദ്യമാണ് വൈറ്റ് ഹൗസിൻ്റെ പരിഗണനയ്ക്ക് എത്തിയത്. എക്സിക്യൂട്ടീവ് അവലോകനം പൂർത്തിയാക്കിയ നിയമം ഇനി ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിക്കും. തുടർന്ന് 30 മുതൽ 60 ദിവസം വരെ പൊതുജനങ്ങൾക്ക് ഇതിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ സമയം അനുവദിക്കും. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമം അന്തിമമായി പ്രഖ്യാപിച്ച ശേഷമേ ഇത് പ്രാബല്യത്തിൽ വരികയുള്ളൂ. ഇതിനായി ഏതാനും മാസങ്ങൾ എടുക്കുമെന്നാണ് സൂചന.
If you lose your job, you must leave the country immediately; US to end 60-day waiver for H-1B and L-1 visa holders; White House approves















