അമേരിക്കയുടെ സാമ്പത്തിക ഉപരോധം ഭീകരവാദം, വിമർശനവുമായി ഇറാൻ വിദേശകാര്യ മന്ത്രാലയം; ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ്

ടെഹ്റാൻ: ടെഹ്റാനെതിരെ അമേരിക്ക നടപ്പിലാക്കുന്ന പുതിയ സാമ്പത്തിക ഉപരോധ നീക്കങ്ങളെ ശക്തമായി അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം. സ്വതന്ത്ര രാജ്യങ്ങൾക്ക് മേൽ അവിഹിതമായ സ്വാധീനം ചെലുത്താനുള്ള വാഷിംഗ്ടണിന്റെ ശ്രമങ്ങളിൽ പങ്കാളികളാകുന്നത് നിയമവിരുദ്ധ നടപടികളുടെ ഭാഗമാകലാണെന്ന് മന്ത്രാലയം ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യു.എസ് നടപ്പിലാക്കുന്ന ഇത്തരം സാമ്പത്തിക ഉപരോധങ്ങൾ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു.

അമേരിക്കയും ഇസ്രായേലും ചേർന്ന് തങ്ങൾക്കെതിരെ നടത്തുന്ന സൈനിക അധിനിവേശത്തിന്റെ തുടർച്ചയാണ് ഈ സാമ്പത്തിക യുദ്ധ പ്രഖ്യാപനമെന്നും മന്ത്രാലയം വ്യക്തമാക്കി. യു.എസ് നടപടികളെ ‘ഭരണകൂട ഭീകരവാദം’ (State Terrorism) എന്നും മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യമെന്നും വിശേഷിപ്പിച്ച ഇറാൻ, ഇത് ദശലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യത്തെയും ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.

വാഷിംഗ്ടണും ഇസ്രായേലും നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയും അംഗരാജ്യങ്ങളും കൃത്യമായി പ്രതികരിക്കുന്നതിൽ പരാജയപ്പെടുകയാണെന്നും, ഇത്തരം നിഷ്ക്രിയത്വം കൂടുതൽ നിയമലംഘനങ്ങൾ നടത്താൻ അവർക്ക് പ്രേരണയാകുന്നുണ്ടെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. അമേരിക്കൻ-ഇസ്രായേൽ സഖ്യത്തിന്റെ സൈനിക-സാമ്പത്തിക നീക്കങ്ങളെ ശക്തമായി ചെറുക്കാനും രാജ്യത്തെ സംരക്ഷിക്കാനും ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുമെന്നും ഇറാൻ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide