‘നിങ്ങളെക്കുറിച്ചാണ് എനിക്ക് കൂടുതൽ ആശങ്ക’; ഇറാന്റെ ഡ്രോൺ ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപിന്റെ മറുപടി

വാഷിങ്ടൺ: ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ താൻ വ്യക്തിപരമായി ലക്ഷ്യമാക്കപ്പെടുമോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് തമാശ കലർന്ന മറുപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സംഭവം.

ഇറാന്റെ ഡ്രോൺ ഭീഷണിക്കിടെ സ്വന്തം സുരക്ഷയിൽ ആശങ്കയുണ്ടോയെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. “നിങ്ങളെക്കുറിച്ചാണ് എനിക്ക് കൂടുതൽ ആശങ്ക. അവർ എന്നെ ലക്ഷ്യമിട്ടാൽ നിങ്ങളും ഇല്ലാതാകും,” എന്നായിരുന്നു ട്രംപിന്റെ മറുപടി. മാധ്യമപ്രവർത്തകനും താനും തമ്മിലുള്ള അകലം ചൂണ്ടിക്കാട്ടി “സൂക്ഷിക്കണം” എന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്–ഇസ്രയേൽ–ഇറാൻ യുദ്ധത്തിനിടെ ബഹ്റൈനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു സംഭവം. ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണെന്നും അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനിടെ, വാഷിങ്ടണിലെ നിർമാണ പദ്ധതികൾക്കാണോ രാജ്യത്തെ തകർന്നുകൊണ്ടിരിക്കുന്ന വിമാനഗതാഗത സംവിധാനത്തിനാണോ ട്രംപ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന എൻബിസി മാധ്യമപ്രവർത്തക യാമിഷെ അൽകിൻഡോറിന്റെ ചോദ്യത്തോടും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. മാധ്യമപ്രവർത്തകയെ ‘പരിതാപകരം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, വെള്ളിയാഴ്ച ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ രാജ്യവ്യാപകമായി വിമാനങ്ങൾ നിലത്തിറക്കാൻ ഉത്തരവിട്ട സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തിലും അതൃപ്തി പ്രകടിപ്പിച്ചു.

ഏതാനും ദിവസങ്ങൾക്കുശേഷം ട്രംപ് ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതും ഈ വാർത്താസമ്മേളനത്തിലായിരുന്നു. ഫിലിപ്പീൻസിലേക്കും ചൈനയിലേക്കുമുള്ള യാത്രയ്ക്ക് മുന്നോടിയായിട്ടായിരുന്നു പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ത്രിരാഷ്ട്ര ചർച്ച നടത്താനാണ് ട്രംപിന്റെ നീക്കം. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചു.

‘I’m more worried about you’: Donald Trump laughs off question on Iranian drone threat

More Stories from this section

family-dental
witywide