‘യുദ്ധങ്ങളും ലോകസമാധാനവും’; ഷിക്കും പുടിനുമായുള്ള ത്രിരാഷ്ട്ര ചർച്ചയുടെ അജണ്ട വെളിപ്പെടുത്തി ട്രംപ്

വാഷിങ്ടൺ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും നവംബർ 19ന് നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര കൂടിക്കാഴ്ചയുടെ അജണ്ട വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ നിരായുധീകരണം, ഇറാൻ യുദ്ധം, റഷ്യ–യുക്രെയ്ൻ സംഘർഷം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്ന് ട്രംപ് പറഞ്ഞു. ചൈനയിലെ ഷെൻഷെനിലാണ് കൂടിക്കാഴ്ച നടക്കുക.

മൂന്നു രാജ്യങ്ങളുടെയും പ്രസിഡന്റുമാർ ആദ്യമായാണ് ത്രിരാഷ്ട്ര കൂടിക്കാഴ്ച നടത്തുന്നത്. ഏഷ്യ–പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്കിടെയാണ് ഷി ജിൻപിങ് ട്രംപിനെയും പുടിനെയും ആതിഥേയത്വം വഹിക്കുക. നവംബർ 18, 19 തീയതികളിൽ നടക്കുന്ന 33-ാമത് അപെക് ഉച്ചകോടിയിൽ 21 അംഗരാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും. പുടിനും ഷിയും പങ്കെടുക്കുന്ന ചർച്ചയിൽ റഷ്യ–യുക്രെയ്ൻ യുദ്ധം ഉന്നയിക്കുമെന്ന് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

യുക്രെയ്ൻ യുദ്ധം തന്റെ ഇഷ്ടവിഷയമാണെന്നും യുക്രെയ്ൻ പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയ്ക്ക് പ്രതിമാസം 25,000 സൈനികരെ നഷ്ടപ്പെടുന്നുണ്ടെന്നും ഇക്കാര്യം നേതാക്കൾ ചർച്ച ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ, റഷ്യ–യുക്രെയ്ൻ യുദ്ധം ചർച്ചയിൽ ഉൾപ്പെടുത്തില്ലെന്നായിരുന്നു നേരത്തെ യുഎസ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നത്. ആണവ നിരായുധീകരണവും ഇറാൻ യുദ്ധവുമാകും പ്രധാന ചർച്ചാവിഷയങ്ങളെന്നായിരുന്നു അവരുടെ നിലപാട്.

സാമ്പത്തിക രംഗവും വ്യാപാരവും ചർച്ച ചെയ്യുമെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. ലോകസമാധാനവും വൻശക്തികൾ തമ്മിലുള്ള തന്ത്രപ്രധാനമായ സ്ഥിരതയും ചർച്ചയുടെ ഭാഗമാകുമെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകസമാധാനം സംരക്ഷിക്കുന്നതും വൻശക്തികൾ തമ്മിലുള്ള ബന്ധത്തിൽ തന്ത്രപ്രധാനമായ സ്ഥിരത ഉറപ്പാക്കുന്നതും സംബന്ധിച്ച് നേതാക്കൾ വിശദമായ ചർച്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

കൂടിക്കാഴ്ചയ്ക്ക് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും ചൈന വിശേഷിപ്പിച്ചു. നവംബർ 17, 18 തീയതികളിൽ ആസിയാൻ ഉച്ചകോടിക്കായി ട്രംപ് ഫിലിപ്പീൻസ് തലസ്ഥാനമായ മനില സന്ദർശിക്കും. തുടർന്ന് നവംബർ 18ന് ചൈനയിലെത്തുന്ന അദ്ദേഹം അപെക് ഉച്ചകോടിയിൽ പങ്കെടുക്കുകയും ഷി ജിൻപിങ്ങിനും പുടിനുമൊപ്പം കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

‘Wars and world peace’: After China, Trump shares agenda of trilateral meet with Xi, Putin

More Stories from this section

family-dental
witywide