റഷ്യ-യുക്രെയ്ൻ യുദ്ധം; യുഎസ്, യൂറോപ്യൻ പ്രതിനിധികളുമായി വീണ്ടും ചർച്ച നടത്തി യുക്രെയ്ൻ

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരഡ് കുഷ്‌നറും ഉൾപ്പെടെയുള്ളവരുമായി ഓൺലൈനായി ചർച്ച നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു.

അതേസമയം, തിങ്കളാഴ്ച വൈകിട്ടും രാത്രിയിലും ചൊവ്വാഴ്ചയും യുക്രെയ്ൻ ലക്ഷ്യമിട്ട് റഷ്യ വൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സെലൻസ്‌കി പറഞ്ഞു. രാത്രി നടത്തിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അബുദാബിയിൽ ഒൻപത് മാസത്തിനുശേഷം യുഎസ്, യുക്രെയ്ൻ, റഷ്യ പ്രതിനിധികൾ ആദ്യമായി ത്രികക്ഷി ചർച്ച നടത്തിയതിന് ഒരാഴ്ച തികയുംമുമ്പാണ് പുതിയ കൂടിക്കാഴ്ച. നയതന്ത്ര നീക്കങ്ങൾ സജീവമായി തുടരുകയാണെന്നും ശ്രമങ്ങൾ വിഫലമാകില്ലെന്നാണ് പ്രതീക്ഷയെന്നും സെലൻസ്‌കി പറഞ്ഞു. യുക്രെയ്‌ന്റെ സംഘം സാധ്യമായ ഏറ്റവും ക്രിയാത്മകമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രാൻസ്, ജർമനി, ബ്രിട്ടൻ, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ ചർച്ചയിൽ പൂർണമായി പങ്കെടുത്തതായും റഷ്യൻ പ്രതിനിധികളുമായുള്ള അടുത്ത ചർച്ചകളിലും യൂറോപ്യൻ രാജ്യങ്ങൾക്ക് സമാനമായ പ്രാതിനിധ്യം ഉണ്ടാകുമെന്നും സെലൻസ്‌കി വ്യക്തമാക്കി. ചർച്ച എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ‘കോയലിഷൻ ഓഫ് ദ വില്ലിങ്’ അംഗങ്ങളുമായി ബെർലിനിൽ കൂടിക്കാഴ്ച നടത്താനും ധാരണയായിട്ടുണ്ട്.

എന്നാൽ, അടുത്ത ഘട്ട സമാധാന ചർച്ചകളിൽ യൂറോപ്യൻ പ്രതിനിധികൾ പങ്കെടുക്കുന്ന കാര്യത്തിൽ റഷ്യ ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്ന് ക്രെംലിൻ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് വ്യക്തമാക്കി. മോസ്കോയിലെ ചർച്ചകൾക്കുശേഷം യൂറോപ്യൻ രാജ്യങ്ങൾ അടുത്ത ചർച്ചകളിൽ പങ്കെടുക്കുമെന്ന് യുഎസ് പ്രതിനിധികൾ അറിയിച്ചതിന് വിരുദ്ധമാണ് റഷ്യയുടെ നിലപാട്. ഉത്തരകൊറിയയിൽനിന്ന് ഓരോ മാസവും ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകൾ റഷ്യയ്ക്ക് ലഭിക്കുന്നുണ്ടെന്നും യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗമായ എച്ച്യുആർ റിപ്പോർട്ട് ചെയ്തതായി സെലൻസ്‌കി പറഞ്ഞു. ഇത് യുക്രെയ്‌നു മാത്രമല്ല, മേഖലയ്ക്കാകെ വലിയ ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുദ്ധത്തിൽ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിക്കുന്നതിലൂടെ ഉത്തരകൊറിയ സ്വന്തം ആയുധങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയാണെന്നും ഇത് കൊറിയൻ മേഖലയ്ക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.റഷ്യയുടെ ആസന്നമായ ആക്രമണങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പിൽ, ചെയ്യുന്ന ഓരോ അതിക്രമത്തിനും റഷ്യയ്ക്ക് അർഹമായ തിരിച്ചടി നൽകുമെന്നും സെലൻസ്‌കി വ്യക്തമാക്കി.

Zelenskiy says Ukraine held new talks with US, European officials on peace prospects

More Stories from this section

family-dental
witywide