
ഷിക്കാഗോ: ഷിക്കാഗോ മിഡ്‌വേ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിന് തൊട്ടുമുമ്പ് ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ പടക്കം ഇടിച്ചു. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ജനങ്ങൾ വീടുകളിൽ നിന്ന് പൊട്ടിച്ച പടക്കങ്ങളിൽ ഒന്നാണ് വിമാനത്തിൽ ഇടിച്ചത്. 52 യാത്രക്കാരും 6 ജീവനക്കാരുമായി അറ്റ്‌ലാൻ്റയിൽ നിന്ന് വന്ന ഡെൽറ്റ 1076 എന്ന എയർബസ് A319 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
എന്നാൽ പൈലറ്റിൻ്റെ മനസ്സാന്നിധ്യം കൊണ്ട് വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ കഴിഞ്ഞതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഭൂമിയിൽ നിന്നും വെറും 200 അടി മാത്രം ഉയരത്തിൽ വിമാനം പറക്കുമ്പോഴാണ് ഈ സംഭവം നടന്നത്. “ഒരു വലിയ ശബ്ദം കേട്ടു, വിമാനത്തിൽ എന്തോ വന്നിടിച്ചതായി തോന്നി” എന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളറെ അറിയിച്ചു.
വിമാനത്താവളത്തിന് സമീപമുള്ള വീടുകളിൽ നിന്ന് വലിയ തോതിൽ പടക്കങ്ങൾ പൊട്ടിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും എയർ ട്രാഫിക് കൺട്രോളർമാർ പൈലറ്റുമാർക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ലാൻഡിങ്ങിന് ശേഷം വിദഗ്ധർ നടത്തിയ പരിശോധനയിൽ വിമാനത്തിൻ്റെ പെയിൻ്റിന് നേരിയ കേടുപാടുകൾ സംഭവിച്ചതൊഴിച്ചാൽ മറ്റ് വലിയ തകരാറുകളോ പരിക്കുകളോ ആർക്കും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഷിക്കാഗോ പൊലീസും ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Independence Day fireworks hit Delta flight; Dramatic scenes at Chicago Midway Airport, 58 passengers narrowly escape















