ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ട്രംപിൻ്റെ ഫോൺ കോൾ! ലോകകപ്പിൽ യു.എസ് താരത്തിൻ്റെ ചുവപ്പ് കാർഡ് ഫിഫ പിൻവലിച്ചു; ബെൽജിയം ക്യാമ്പിൽ കടുത്ത പ്രതിഷേധം!

സിയാറ്റിൽ: ലോകകപ്പ് പ്രീ-ക്വാർട്ടർ മത്സരത്തിൽ ബെൽജിയത്തെ നേരിടാനിരിക്കുന്ന യു.എസ് ദേശീയ ഫുട്ബോൾ ടീമിന് വൻ ആശ്വാസമായി സൂപ്പർ സ്ട്രൈക്കർ ഫോളാരിൻ ബലോഗൻ്റെ സസ്പെൻഷൻ ഫിഫ പിൻവലിച്ചു. യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നേരിട്ട് ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയെ ഫോണിൽ വിളിച്ച് നടത്തിയ അസാധാരണ ഇടപെടലിനെത്തുടർന്നാണ് ഈ നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച നടക്കുന്ന നിർണ്ണായക മത്സരത്തിൽ ബലോഗന് കളിക്കാനാകും.

“വലിയൊരു അനീതി തിരുത്തി, ശരിയായ കാര്യം ചെയ്ത ഫിഫയ്ക്ക് നന്ദി!” എന്ന് ട്രംപ് ഫിഫയുടെ തീരുമാനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രസ്താവിച്ചു. മത്സരത്തിന് ശേഷം ട്രംപ് ഫിഫ പ്രസിഡൻ്റിനെ വിളിച്ച് ഈ ചുവപ്പ് കാർഡ് പുനഃപരിശോധിക്കാൻ ഔദ്യോഗികമായി ആവശ്യപ്പെടുകയായിരുന്നു.

“സസ്പെൻഷൻ ഒരു വർഷത്തെ നിരീക്ഷണ കാലയളവിലേക്ക് താല്ക്കാലികമായി മാറ്റിവെച്ചിരിക്കുന്നു,” ഫിഫ അറിയിച്ചു. “ഈ കാലയളവിൽ ബലോഗൻ സമാനമായ തെറ്റ് ആവർത്തിച്ചാൽ നിലവിലെ സസ്പെൻഷൻ പുനഃസ്ഥാപിക്കുകയും പുതിയ ശിക്ഷകൾ നൽകുകയും ചെയ്യും.” ഫിഫയുടെ ഈ നീക്കത്തെ യു.എസ് കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ സ്വാഗതം ചെയ്തു. “ബോസ്നിയക്കെതിരെ 30 മിനിറ്റോളം 10 പേരുമായി കളിക്കേണ്ടി വന്നത് തന്നെ ഞങ്ങൾക്ക് കിട്ടിയ വലിയ ശിക്ഷയായിരുന്നു, ആ തീരുമാനം തികച്ചും അനീതിയായിരുന്നു,” അദ്ദേഹം പറഞ്ഞു. 2002 ലോകകപ്പിൽ അർജൻ്റീനയ്ക്കായി കളിച്ച പോച്ചെറ്റിനോയ്ക്ക് ട്രംപ് ഇൻഫാൻ്റിനോയെ വിളിച്ചതിൽ അത്ഭുതമൊന്നും തോന്നിയില്ല.

“ഫുട്ബോൾ ഒരു മതത്തേക്കാൾ വലുതായി കാണുന്ന അർജന്റീനയിലെയും യൂറോപ്പിലെയും സംസ്കാരത്തിൽ നിന്നാണ് ഞാൻ വരുന്നത്. കായികരംഗത്തിന് ആളുകളെയും രാജ്യങ്ങളെയും ഒരുമിപ്പിക്കാൻ വലിയ ശക്തിയുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ബുധനാഴ്ച ബോസ്നിയ-ഹെർസഗോവിനയ്ക്കെതിരെ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിലാണ് ടൂർണമെൻ്റിൽ മൂന്ന് ഗോളുകളോടെ യു.എസിൻ്റെ ടോപ്പ് സ്കോററായ ബലോഗന് ചുവപ്പ് കാർഡ് ലഭിക്കുന്നത്. ബോസ്നിയൻ പ്രതിരോധ താരം താരിക് മുഹാരെമോവിച്ചിൻ്റെ കണങ്കാലിൽ അബദ്ധത്തിൽ ചവിട്ടിയതിനായിരുന്നു റഫറി റാഫേൽ ക്ലോസ് താരത്തെ പുറത്താക്കിയത്. ചുവപ്പ് കാർഡ് ലഭിക്കുന്ന കളിക്കാരന് അടുത്ത ഒരു മത്സരത്തിൽ സ്വാഭാവിക വിലക്ക് ഏർപ്പെടുത്തണമെന്നാണ് ഫിഫയുടെ കർശന നിയമം.

എന്നാൽ ഫിഫ അച്ചടക്ക സമിതിയുടെ ആർട്ടിക്കിൾ 27 അനുസരിച്ച്, ശിക്ഷകൾ താൽക്കാലികമായി മാറ്റിവെക്കാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിലവിൽ ബലോഗൻ്റെ സസ്പെൻഷൻ ഒരു വർഷത്തെ നിരീക്ഷണ കാലയളവിലേക്ക് ഫിഫ റദ്ദാക്കിയത്.

അതേസമയം, ഈ നീക്കത്തിനെതിരെ ബെൽജിയം ഫുട്ബോൾ അസോസിയേഷൻ (ആർബിഎഫ്എ) കടുത്ത അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി. ഈ തീരുമാനത്തിൽ തങ്ങൾ “അമ്പരന്നുപോയി” എന്ന് അവർ പ്രതികരിച്ചു. ബെൽജിയം കോച്ച് റൂഡി ഗാർസിയ ഫിഫയുടെ നടപടിയെ പരിഹസിക്കുകയും ചെയ്തു.

“ഫിഫയുടെ ഓഫീസുകളിൽ ജൂലൈ അഞ്ച് എന്നത് യൂറോപ്പിലെ ഏപ്രിൽ ഫൂൾ ദിനമാണെന്ന് എനിക്കറിയില്ലായിരുന്നു,” ഏപ്രിൽ ഫൂൾ ദിനത്തോട് ഉപമിച്ച് ഒരു പരിഭാഷകൻ വഴി ഗാർസിയ പറഞ്ഞു. “ബെൽജിയൻ ഫെഡറേഷൻ അവരുടെ ദേശീയ ടീമിനെ മാത്രമല്ല സംരക്ഷിക്കുന്നത്, മൊത്തത്തിലുള്ള ഫുട്ബോളിൻ്റെ സമഗ്രതയെയും ധാർമ്മികതയെയുമാണ്. ലോകകപ്പ് ചരിത്രത്തിൽ ഇത്തരമൊരു തീരുമാനം ഇതാദ്യമായാണ് കാണുന്നത്.” റൂഡി ഗാർസിയ പ്രതികരിച്ചു.

മുമ്പും ഫിഫ സമാനമായ ഇളവുകൾ നൽകിയിട്ടുണ്ട്. നവംബറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിലക്ക് മാറ്റിവെച്ചതും, ഏപ്രിലിൽ അർജൻ്റീനയുടെ നിക്കോളാസ് ഒട്ടാമെൻഡി, ഇക്വഡോറിൻ്റെ മോയ്സസ് കൈസെഡോ എന്നിവരുടെ വിലക്ക് മാറ്റിവെച്ചതും ഇതിന് ഉദാഹരണങ്ങളാണ്. 1962 ലോകകപ്പിൽ ബ്രസീൽ താരം ഗാരിഞ്ചയ്ക്ക് സെമി ഫൈനലിൽ ചുവപ്പ് കാർഡ് ലഭിച്ചിട്ടും, അന്നത്തെ ചിലി പ്രസിഡൻ്റിൻ്റെ ഇടപെടലിനെ തുടർന്ന് ഫൈനലിൽ കളിക്കാൻ അനുവാദം ലഭിച്ചിരുന്നു. അന്ന് ബ്രസീൽ കിരീടം നേടുകയും ചെയ്തു.

എന്നാൽ ഫിഫയുടെ ഈ തീരുമാനത്തെ നോർവേ കോച്ച് സ്റ്റാലെ സോൽബാക്കൻ കടുത്ത ഭാഷയിൽ വിമർശിച്ചു: “അടുത്ത ചുവപ്പ് കാർഡിൻ്റെ കാര്യം എന്താകും? അത് മാറ്റാൻ ഏതെങ്കിലും കമ്മിറ്റി വരുമോ? ഇത് ലോകകപ്പിന്റെ നിലവാരത്തെ ബാധിക്കുന്ന വളരെ മോശം തീരുമാനമാണ്.”- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതിനിടെ, ഫിഫയുടെ നടപടി കായികരംഗത്തിൻ്റെ സുതാര്യതയെയും ഫെയർ പ്ലേ തത്വങ്ങളെയും ബാധിക്കുന്നതാണെന്നും, അന്താരാഷ്ട്ര കായിക കോടതിയെ (സിഎഎസ്) സമീപിക്കുന്നതുൾപ്പെടെയുള്ള എല്ലാ നിയമസാധ്യതകളും പരിശോധിക്കുകയാണെന്നും ബെൽജിയം അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

Trump’s phone call shocks the football world! FIFA revokes US player’s red card in World Cup; Strong protest in Belgium camp

More Stories from this section

family-dental
witywide