
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ലാംഗ്ലിയിൽ കത്തിയ കാറിനുള്ളിൽ ഇന്ത്യൻ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകക്കുറ്റത്തിന് പൊലീസ് അന്വേഷണം ആരംഭിച്ചു. സറേ സ്വദേശിയായ തുഷാർ ശർമ്മ (25) ആണ് മരിച്ചത്.
ഒക്ടോബർ 29ന് രാത്രി 10.30ഓടെ ലാംഗ്ലിയിലെ റോളിൻസൺ ക്രസന്റ് മേഖലയിൽ കാർ കത്തുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ലാംഗ്ലി പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനിടെയാണ് വാഹനത്തിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിലാണ് മരിച്ചത് തുഷാർ ശർമ്മയാണെന്ന് തിരിച്ചറിഞ്ഞത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കാനഡയിലെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ഏറ്റെടുത്തു. തുഷാറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവങ്ങളുടെ കൃത്യമായ ക്രമവും കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. മരിക്കുന്നതിന് തൊട്ടുമുമ്പ് യുവാവ് എവിടെയായിരുന്നു, ആരുമായൊക്കെയാണ് ബന്ധപ്പെട്ടിരുന്നത് തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കാനഡയിൽ തുഷാറിന് ക്രിമിനൽ പശ്ചാത്തലമൊന്നും ഉണ്ടായിരുന്നില്ലെന്നും അടുത്ത സൗഹൃദവലയം പരിമിതമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തുഷാറിന്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പൊലീസ് സംസാരിച്ചുവരികയാണ്. യുവാവിന്റെ വ്യക്തിജീവിതം, ദിനചര്യകൾ, മരണത്തിന് മുമ്പുള്ള നീക്കങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വിദേശത്തുള്ള ബന്ധുക്കളെയും പരിചയക്കാരെയും ബന്ധപ്പെടുന്നുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ തുഷാറിനെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.











