‘ഞാൻ ഇതുവരെ ഇവിടെ വന്നിട്ടില്ല, കുറ്റത്തിൽ പങ്കാളിയുമല്ല’ പാങ്ങപ്പാറ അഭിരാം കൊലക്കേസിലെ തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് രണ്ടാം പ്രതി ഉമർ; നാളെയും തെളിവെടുപ്പ്

തിരുവനന്തപുരം: പാങ്ങപ്പാറയിൽ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ തെളിവെടുപ്പിനിടെ രണ്ടാം പ്രതി ഉമർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. തനിക്ക് അഭിരാമിനെ അറിയില്ലെന്നും ചെയ്യാത്ത കുറ്റത്തിനാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഇയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു. സംഭവം നടന്ന ദിവസംപോലും താൻ പ്രദേശത്ത് എത്തിയിട്ടില്ലെന്നും പോലീസ് തന്നെയൊരു പ്രതിയാക്കി മാറ്റുകയായിരുന്നെന്നും ഉമർ അവകാശപ്പെട്ടു. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉമറിന്റെ വീട്ടിൽ ആദ്യം തെളിവെടുപ്പ് നടത്തിയ ശേഷമാണ് കൊലപാതകം നടന്ന പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ വയലിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

കേസിൽ റിമാൻഡിലായിരുന്ന ഉമറിനെയും മൂന്നാം പ്രതി മണക്കാട് സ്വദേശിനിയായ ആനന്ദയെയും ശനിയാഴ്ചയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഉമറിന്റെ സഹായത്തോടെയാണ് 17-കാരനായ ഒന്നാം പ്രതി അഭിരാമിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആനന്ദയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഒന്നാം പ്രതി കഴിഞ്ഞ നവംബർ ഒന്നിന് അഭിരാമിനെ പാങ്ങപ്പാറയിലെ പേരൂരിലെ വാഴത്തോട്ടത്തിന് സമീപം വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഉമറിന്റെ കാമുകിയായ ആക്കുളം സ്വദേശി ഐശ്വര്യയും പ്രതിയാണ്. ഒബ്‌സർവേഷൻ ഹോമിലുള്ള ഒന്നാം പ്രതിയെയും ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം, ഒന്നാം പ്രതിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്നും ഇയാളുടെ പ്രായം സംബന്ധിച്ച് സംശയമുണ്ടെന്നും അഭിരാമിന്റെ കുടുംബം ആരോപിച്ചു. കൊല്ലപ്പെട്ട അഭിരാമിന്റെ സീനിയറായാണ് ഒന്നാം പ്രതി സ്‌കൂളിൽ പഠിച്ചിരുന്നതെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. വാസ്തവത്തിൽ അഭിരാമിന്റെ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് പ്രതികൾ കൊലപാതക പദ്ധതി തയാറാക്കിയതെങ്കിലും, ഒടുവിൽ അഭിരാം ക്രൂരമായി കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. പ്രതി ഉമറിനെ നാളെ വീണ്ടും സംഭവസ്ഥലത്തെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം.

Pangappara Abhiram Murder Case: 2nd Accused Umar Breaks Down During Evidence Collection; Claims Innocence

More Stories from this section

family-dental
witywide