
കൊച്ചി: കൊച്ചിയിൽ യുവ നടിയുടെ ബന്ധു നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ ഡോ. ജോൺസൺ കെ. വർഗീസിനെതിരെ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. ഹോട്ടൽ മുറിയിൽ വച്ച് മദ്യം നൽകി ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ ബന്ധുവിന്റെ പരാതി. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
അതിനിടെ, കേസിൽ പുതിയ വഴിത്തിരിവുണ്ടാക്കിക്കൊണ്ട് ഡോ. ജോൺസൺ കെ. വർഗീസിന്റെ മൊബൈൽ ഫോണിൽ നിന്ന് നാപ്പതോളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവർ ഉൾപ്പെടെയുള്ള സ്ത്രീകളുമൊത്തുള്ള നിമിഷങ്ങൾ ഡോക്ടർ രഹസ്യമായി ഫോണിൽ പകർത്തി സൂക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ ഉൾപ്പെട്ട കൂടുതൽ യുവതികൾ പരാതിയുമായി മുന്നോട്ടുവന്നാൽ ഡോക്ടർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
യുവനടിയും കൂട്ടാളികളും ചേർന്ന് ഡോക്ടറെ മർദ്ദിച്ച് 3.25 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ കവർന്നെന്ന പരാതിയുടെ അന്വേഷണത്തിനിടെയാണ് പീഡനവിവരം പുറത്തുവരുന്നത്. ബന്ധുവിന്റെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുന്നതിനായി ഡോക്ടറെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് നടിയുടെ മൊഴി. നടിയിൽ നിന്ന് പിടിച്ചെടുത്ത ഡോക്ടറുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ക്രമക്കേടുകൾ വ്യക്തമായത്. സംഭവത്തിൽ നടിയും സുഹൃത്തായ നടനും ഉൾപ്പെടെ മൂന്നുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Actress’s Relative Abuse Case: Lookout Circular Issued Against Dr. Johnson K. Varghese; Suspected to Have Fled Abroad














