തിരുവനന്തപുരം ചാല സ്വർണക്കവർച്ച കേസിൽ നിർണായക വഴിത്തിരിവായി സമീപത്തെ മാളവിക ജ്വല്ലറി ഉടമ ജയറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ ചാലയിലെ സ്വർണ്ണ ഏജന്റും മഹാരാഷ്ട്ര സ്വദേശിയുമായ അമോൽ, സുഹൃത്ത് ദിലീപ് എന്നിവരുൾപ്പെടെ അഞ്ചുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണത്തിനിരയായ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിലുള്ള അസൂയയും കുടിപ്പകയുമാണ് കവർച്ച ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ജയറാമും അമോലും ഉൾപ്പെടെയുള്ളവർ ചേർന്ന് നന്ദകുമാറിന്റെ ബിസിനസ് തകർക്കുക എന്ന ലക്ഷ്യത്തോടെ ക്രിമിനൽ സംഘങ്ങളുടെ സഹായം തേടുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി.
വയനാട്ടിൽനിന്ന് പിടിയിലായ മൂന്ന് പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് കേസിലെ നിർണായക വിവരങ്ങൾ പുറത്തായത്. മോഷണക്കേസുകളിലെ പ്രതിയായ അനൂപിനെ ഒപ്പം കൂട്ടിയ അമോൽ, മറ്റൊരു പ്രതിയായ അനിലുമായി ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തത്. മോഷണം നടന്ന വ്യാഴാഴ്ച രാവിലെ പഴയ ചാലയിലെ അമോലിന്റെ ഉടമസ്ഥതയിലുള്ള ആറ്റുകാൽ ഗോൾഡ് സർവീസ് ഏജൻസിയിൽവെച്ചായിരുന്നു ഗൂഢാലോചന. കവർച്ചയ്ക്ക് രണ്ട് ദിവസം മുമ്പ് പ്രതികൾ ഇതേ രീതിയിൽ ട്രയൽ റൺ നടത്തുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച നന്ദകുമാറിന്റെ കടയിലെത്തിയ അമോൽ 15 ലക്ഷം രൂപയുടെ സ്വർണം വിറ്റ് പണം വാങ്ങുകയും, വൈകിട്ട് ഈ സ്വർണവുമായി നന്ദകുമാർ വീട്ടിലേക്ക് പോകുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തുടർന്ന് നന്ദകുമാർ കടയിൽ നിന്ന് ഇറങ്ങിയ വിവരം വയനാട് പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട ശ്രാവൺ കവർച്ചാ സംഘമായ അനിലിനും അനൂപിനും ചോർത്തി നൽകുകയായിരുന്നു.
Twist in Chala Gold Robbery Case: Malavika Jewellery Owner Jayaram in Custody Over Business Rivalry












