
വാഷിംഗ്ടൺ: അമേരിക്കയിൽ പതിറ്റാണ്ടുകളായി ഗ്രീൻ കാർഡോടെ താമസിക്കുന്ന ഇന്ത്യൻ വംശജയായ വെങ്കട്ട വാസംസെട്ടിക്ക് ഐ.സി.ഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ്) തടങ്കലിൽ നിന്ന് കോടതി ജാമ്യം അനുവദിച്ചു. നോർത്ത് കരോലിനയിൽ സ്വന്തമായി വീടും യു.എസ് പൗരത്വമുള്ള മക്കളും പേരക്കുട്ടികളുമുള്ള ഇവരെ കഴിഞ്ഞ ഓഗസ്റ്റിലാണ് പതിവ് ഇമിഗ്രേഷൻ പരിശോധനയ്ക്കിടയിൽ അധികൃതർ തടങ്കലിലാക്കിയത്.
കോവിഡ് മഹാമാരിയുടെ സമയത്ത് ഇന്ത്യ സന്ദർശിച്ച ഇവർക്ക് കോവിഡ് ബാധിച്ച് ആശുപത്രിയിലാകേണ്ടി വന്നതിനാൽ ആറ് മാസത്തിലധികം വിദേശത്ത് തുടരേണ്ടി വന്നിരുന്നു. ഗ്രീൻ കാർഡ് നിയമപ്രകാരം ഒരു വ്യക്തി വർഷത്തിൽ ആറ് മാസമെങ്കിലും യു.എസിൽ താമസിക്കേണ്ടതുണ്ട്. ഈ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അധികൃതരുടെ നടപടി. എന്നാൽ യു.എസിലെ സ്ഥിരതാമസം ഉപേക്ഷിക്കാൻ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്ന് കോടതിയിൽ തെളിയിച്ചതിനെ തുടർന്ന് ഇവർ മുൻപ് അനുകൂല വിധി നേടിയിരുന്നു. എങ്കിലും ഓഗസ്റ്റ് 11-ലെ ഇമിഗ്രേഷൻ പരിശോധനയ്ക്ക് വിളിച്ചുവരുത്തിയപ്പോൾ ഇവരെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചൊവ്വാഴ്ച നടന്ന ജാമ്യാപേക്ഷാ വാദത്തിനിടയിൽ, ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) അഭിഭാഷക അബി കാമൻ ഇവർ സമൂഹത്തിന് ഭീഷണിയല്ലെന്ന് സമ്മതിച്ചെങ്കിലും, രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്ന് വാദിച്ചു. വാസംസെട്ടി കഴിഞ്ഞ വർഷങ്ങളിൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് യു.എസിൽ ചിലവഴിച്ചതെന്ന യാത്രാചരിത്രമാണ് ഇതിനായി അധികൃതർ നിരത്തിയത്. എന്നാൽ, പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കാനാണ് അവർ ഈ യാത്രകൾ നടത്തിയതെന്നും അവർ ഒരിക്കൽ പോലും ഇമിഗ്രേഷൻ പരിശോധനകളിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷക ഹെലൻ പാർസനേജ് വാദിച്ചു.
$7,500 ഡോളർ ജാമ്യത്തുക
വാസംസെട്ടി മുൻപ് നിയമങ്ങൾ കൃത്യമായി പാലിച്ചിരുന്നു എന്ന വസ്‌തുത ജഡ്ജി ചാഡ് ബെയ്‌സ് കണക്കിലെടുത്തു. അവർ രക്ഷപ്പെടുമെന്ന് തെളിയിക്കാൻ ഡി.എച്ച്.എസിന് സാധിച്ചിട്ടില്ലെന്ന് ജഡ്ജി വിലയിരുത്തി. ഭർത്താവ്, രണ്ട് യു.എസ് പൗരത്വമുള്ള മക്കൾ, പേരക്കുട്ടികൾ, സ്വന്തം വീട്, 2012 മുതലുള്ള നികുതി രേഖകൾ, പ്രൈമറി സ്കൂളിലെ സബ്സ്റ്റിറ്റ്യൂട്ട് അധ്യാപികയായുള്ള ജോലി എന്നിവയെല്ലാം യു.എസുമായി അവർക്കുള്ള ശക്തമായ ബന്ധത്തിന് തെളിവായി കോടതി അംഗീകരിച്ചു.
എങ്കിലും, അന്താരാഷ്ട്ര യാത്രകൾ ചെയ്യാനുള്ള സാമ്പത്തിക ശേഷിയും മുൻപരിചയവും ഉള്ളതിനാൽ നേരിയ തോതിൽ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി ഏറ്റവും കുറഞ്ഞ ജാമ്യതുക എന്ന ആവശ്യം നിരസിച്ച് $7,500 ഡോളർ (ഏകദേശം 6.25 ലക്ഷം രൂപ) ജാമ്യതുകയായി നിശ്ചയിച്ചു.
വരും ദിവസങ്ങളിലെ എല്ലാ കോടതി നടപടികളിലും വാസംസെട്ടി കൃത്യമായി ഹാജരാകണമെന്ന കർശന വ്യവസ്ഥയിലാണ് മോചനം. ഈ ജാമ്യ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഡി.എച്ച്.എസിന് സെപ്റ്റംബർ 24 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്. കുടിയേറ്റ കേസിൽ അന്തിമ തീരുമാനം വരുന്നത് വരെ നിയമനടപടികൾ തുടരും.
Indian-origin lady Venkata Vasamsetty finally released from ICE custody, temporary relief on $7,500 bail















