‘ബാരൻ ട്രംപിനെ വധിക്കുന്നവർക്ക് 95 കോടി രൂപ പ്രതിഫലം? വാർത്ത തള്ളി ഇറാൻ സുരക്ഷാ തലവൻ ; നെതന്യാഹുവിൻ്റെ കള്ളക്കഥയെന്നും ഇറാൻ

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഇളയ മകൻ ബാരൻ ട്രംപിനെ (20) വധിക്കാൻ ഇറാൻ പദ്ധതിയിടുന്നു എന്ന ആരോപണം പൂർണ്ണമായും നിഷേധിച്ച് ഇറാൻ്റെ ഉയർന്ന സുരക്ഷാ ഉദ്യോഗസ്ഥനായ മൊഹ്‌സെൻ റെസായീ. ലബനീസ് മാധ്യമമായ അൽ മനാലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വധശ്രമ ആരോപണങ്ങൾ വെറും അസംബന്ധവും കെട്ടിച്ചമച്ചതുമാണെന്ന് റെസായീ പറഞ്ഞു.

അമേരിക്കയെയും ഡോണൾഡ് ട്രംപിനെയും ഭയപ്പെടുത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബോധപൂർവ്വം ഉണ്ടാക്കിയ കഥയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബാരൻ ട്രംപിൻ്റെ സർവകലാശാലാ വിവരങ്ങളും ദിനചര്യകളും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹത്തെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ (ഏകദേശം 95 കോടി രൂപ) പാരിതോഷികം നൽകുമെന്നും അവകാശപ്പെടുന്ന ഒരു വീഡിയോ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് വിവാദം പുകഞ്ഞത്. എന്നാൽ ഈ വാർത്തകളോട് തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഇറാൻ്റെ ഔദ്യോഗിക വിശദീകരണം.

അതേസമയം, ഇറാൻ മാധ്യമങ്ങളിൽ വന്ന ഭീഷണി വീഡിയോയെക്കുറിച്ച് തങ്ങൾക്ക് അറിവുണ്ടെന്നും തങ്ങളുടെ സംരക്ഷണയിലുള്ളവർക്കെതിരെയുള്ള ഏത് ഭീഷണിയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും യുഎസ് സീക്രട്ട് സർവീസ് വ്യക്തമാക്കി. മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് തന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ നിന്നും ചെറിയൊരു സൈനിക വിമാനത്തിലേക്ക് മാറിയിരുന്നു. ഇറാന്റെ വധഭീഷണിയുണ്ടെന്ന് നെതന്യാഹു നൽകിയ മുന്നറിയിപ്പിനെ തുടർന്ന് ഭയന്നുപോയ ട്രംപ്, രക്ഷപ്പെടാനായി ഒരു ‘ഭക്ഷണ ട്രക്കിൽ’ ഒളിച്ചിരുന്ന് സാധാരണ തൊഴിലാളികളെപ്പോലെയാണ് അവിടെനിന്ന് രക്ഷപ്പെട്ടതെന്നും ഇറാന്റെ സുരക്ഷാ തലവൻ പരിഹസിച്ചു. തുർക്കിയിലെ വിമാന മാറ്റത്തിന് മുൻപ് തന്നെ, ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിൽ നിന്ന് അമേരിക്കയ്ക്ക് പലതവണ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.

Iran’s security chief denies news of Rs 95 crore reward for killing Barron Trump; Iran calls it Netanyahu’s lie

More Stories from this section

family-dental
witywide