
കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള സറെയിൽ ഇന്ത്യൻ വംശജരായ യുവാവിനെയും യുവതിയെയും വെടിവച്ചു കൊലപ്പെടുത്തി. 23കാരനായ ഗഗൻപ്രീത് റെഹൽ എന്ന ഗാരിയും 24കാരിയായ സുഖ്ജീത് കൗറുമാണ് കൊല്ലപ്പെട്ടത്. സമീപ നഗരമായ ഡെൽറ്റയിലാണ് സുഖ്ജീത് കൗർ താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
നവംബർ 15ന് രാത്രി 10.38ഓടെയാണ് സറെയിലെ പാർക്കിങ് ലോട്ടിൽ വെടിയേറ്റ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘവും അടിയന്തര ആരോഗ്യപ്രവർത്തകരും ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകം സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ലക്ഷ്യമിട്ടുള്ള ആക്രമണമാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
സംഭവം നടന്ന് ഏകദേശം 15 മിനിറ്റിനുള്ളിൽ സമീപപ്രദേശത്ത് ഒരു സെഡാൻ കാർ കത്തിയ നിലയിൽ കണ്ടെത്തി. നാല് വാതിലുകളുള്ള വാഹനത്തിൽ ഉണ്ടായിരുന്നവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് പൊലീസിന്റെ സംശയം. കത്തിയ വാഹനം ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടതാണോയെന്ന് പരിശോധിച്ചുവരികയാണ്.
ഗഗൻപ്രീത് റെഹലിന് തോക്കുകളും ആയുധങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മുൻപ് പൊലീസുമായി ഇടപെടലുകളുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു. എന്നാൽ സുഖ്ജീത് കൗറിന് കാനഡയിൽ പരിചയക്കാർ കുറവായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം സറെ പൊലീസിന്റെയും ഫൊറൻസിക് വിഭാഗത്തിന്റെയും സഹായത്തോടെ അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ മുന്നോട്ടുവരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.















