
ന്യൂയോർക്ക്: ഖലിസ്ഥാനി വിഘടനവാദി ഗുർപത്വന്ത് സിങ് പന്നൂൻ നൽകിയ വധഗൂഢാലോചനാ കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനും മുൻ റോ മേധാവി സമന്ത് ഗോയലിനും സമൻസ് കൈമാറാൻ ഡൽഹി കോടതികളുടെ സഹായം തേടി അമേരിക്കൻ കോടതി. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി കാതറിൻ പോൾക്ക് ഫെയ്ലയാണ് നവംബർ 13 ന് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഹേഗ് കൺവെൻഷനിലെ ആർട്ടിക്കിൾ 19 പ്രകാരം, അജിത് ദോവലിന് സമൻസ് കൈമാറാൻ പട്യാല ഹൗസ് കോടതിയോടും സമന്ത് ഗോയലിന് കൈമാറാൻ ദ്വാരക, തീസ് ഹസാരി കോടതികളോടുമാണ് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ നയതന്ത്ര-ഔദ്യോഗിക മാർഗങ്ങളിലൂടെ സമൻസ് കൈമാറാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം.
2024-ലാണ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ദോവലും സമന്ത് ഗോയലും ഉൾപ്പെടെയുള്ളവർക്കെതിരെ പന്നൂൻ അമേരിക്കയിൽ സിവിൽ കേസ് ഫയൽ ചെയ്തത്. എന്നാൽ, ഈ നീക്കത്തിനെതിരെ ഇന്ത്യ നേരത്തെ തന്നെ ശക്തമായ നിലപാട് വ്യക്തമാക്കിയിരുന്നു. പന്നൂന്റെ കേസ് കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമാണെന്നും ഉന്നത ഉദ്യോഗസ്ഥർക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.
വിദേശ കോടതികളുടെ രേഖകൾ കൈമാറാനുള്ള അപേക്ഷകൾ കേന്ദ്രത്തിന്റെ നിയുക്ത അധികാരിയായ നിയമ മന്ത്രാലയം വഴിയേ വരാവൂ എന്നാണ് ഇന്ത്യയുടെ നിലപാട്. ഈ സാഹചര്യത്തിൽ, അജിത് ദോവലിനും സമന്ത് ഗോയലിനുമുള്ള സമൻസുകൾ കൈമാറാൻ അമേരിക്കൻ കോടതിയെ ഡൽഹി കോടതികൾ സഹായിക്കുമോ എന്നതാണ് ഇനി നിർണ്ണായകമാകുന്നത്.
US Court Seeks Delhi Courts’ Help to Serve Summons to NSA Ajit Doval and Former RAW Chief Samant Goel in Pannun Murder Plot Case














