കൊലക്കുറ്റം; ഷിക്കാഗോ വിമാനത്താവളത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ

ഷിക്കാഗോ: 32കാരിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ 31കാരനെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കൂർ പട്ടേൽ എന്നയാൾക്കെതിരെ ഒന്നാം ഡിഗ്രി കൊലക്കുറ്റമാണ് ചുമത്തിയത്.

ഓഗസ്റ്റ് 9ന് രാവിലെ 11.12ഓടെ വെസ്റ്റ് ഒ’ഹെയർ സ്ട്രീറ്റിലെ 10000 ബ്ലോക്കിൽ നിന്നാണ് പൊലീസ് പട്ടേലിനെ അറസ്റ്റ് ചെയ്തത്. ഷിക്കാഗോ പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ ഏരിയ ഫൈവ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ സപ്പോർട്ട് ടീമിലെ ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പട്ടേലിന്റെ അറസ്റ്റിന് ഏകദേശം ഒമ്പത് മണിക്കൂർ മുമ്പാണ് കൊലപാതകം നടന്നത്. ആൽബനി പാർക്ക് പ്രദേശത്തെ നോർത്ത് ഏവേഴ്സ് അവന്യൂവിലെ 4800 ബ്ലോക്കിലായിരുന്നു സംഭവം.

രാത്രി 1.48ഓടെ വിവരമറിഞ്ഞെത്തിയ പൊലീസ്, ഒരു അപ്പാർട്ട്മെന്റിന്റെ ബാത്ത്റൂമിന് സമീപമുള്ള ഇടനാഴിയിൽ പ്രതികരണമില്ലാത്ത നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. കഴുത്തിൽ കുത്തേറ്റ നിലയിലായിരുന്നു യുവതി. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സ്ഥിരീകരിച്ചു. മരിച്ച യുവതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല.

തുടർന്ന് ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുനിന്നാണ് പട്ടേലിനെ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന പൂർത്തിയാക്കി വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ. എന്നാൽ ഇയാൾ എവിടേക്കാണ് യാത്ര ചെയ്യാൻ ശ്രമിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

കൊലപാതകം നടന്ന സ്ഥലത്താണ് പട്ടേൽ താമസിച്ചിരുന്നതെന്നും പൊലീസ് രേഖകളിൽ പറയുന്നു. കൊലപാതകത്തിന് പിന്നിലെ പ്രേരണ എന്താണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൊല്ലപ്പെട്ട യുവതിയുമായി പട്ടേലിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോയെന്ന കാര്യത്തിലും പൊലീസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Indian-origin man arrested at Chicago airport for homicide

More Stories from this section

family-dental
witywide