
വാഷിംഗ്ടൺ: ഇറാനുമായി നയതന്ത്ര ചർച്ചകൾ അനിശ്ചിതമായി തുടരുന്നതിനിടയിലും, രാജ്യത്തിന്റെ സൈനിക വിതരണ ശൃംഖലയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന ആഗോളതലത്തിലുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ടെഹ്‌റാനെതിരെ ട്രംപ് ഭരണകൂടം ശക്തമാക്കി വരുന്ന സാമ്പത്തിക യുദ്ധത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഏറെയധികം ഉപരോധങ്ങൾക്ക് വിധേയമായിട്ടുള്ള ഇറാൻ സർക്കാരിന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായി തടയുക എന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ (Operation Economic Outcast) എന്ന കാമ്പെയ്ന്റെ ഭാഗമാണ് ഈ പുതിയ ഉപരോധങ്ങൾ. ഇറാൻ ഭരണകൂടത്തിന് നൽകുന്ന ഒരു സഹായവും വെച്ചുപൊറുപ്പിക്കില്ലെന്നും, രാജ്യത്തിന്റെ സാമ്പത്തിക സഹായ ദാതാക്കളെ കണ്ടെത്തുകയും പുറത്തുകൊണ്ടുവരികയും ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്കയുമായി ഏഴ് മാസമായി തുടരുന്ന യുദ്ധത്തിനിടയിൽ ഇറാന്റെ പ്രതിരോധ മന്ത്രാലയത്തിനായി ആയുധങ്ങളും ആയുധ ഘടകങ്ങളും തരപ്പെടുത്തി നൽകിയെന്ന് ആരോപിച്ചാണ് ഇറാൻ, ഹോങ്കോംഗ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പത്ത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ തകർക്കുകയെന്നതാണ് യു.എസ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. കൂടാതെ ഇറാന്റെ ആയുധ പദ്ധതികൾ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാരിന്റെ കഴിവിനെ കൂടുതൽ ദുർബലപ്പെടുത്താനും ഈ നടപടികൾ സഹായിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇറാന്റെ സൈനിക പർച്ചേസിങ് ശ്രമങ്ങളെ സഹായിക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കും മേലുള്ള സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുക എന്നതാണ് പുതിയ ഉപരോധങ്ങളിലൂടെ ലക്ഷ്യമിടുന്നത്.














