
വാഷിംഗ്ടൺ: ഇറാൻ സംഘർഷത്തെ തുടർന്ന് വിമാന ഇന്ധന വില കുതിച്ചുയർന്നതോടെ, ഈ വർഷത്തെ ഉത്സവ-അവധിക്കാലങ്ങളിൽ യാത്ര പ്ലാൻ ചെയ്യുന്ന അമേരിക്കക്കാർക്ക് വൻ തുക ടിക്കറ്റിനായി ചെലവഴിക്കേണ്ടിവരുമെന്ന് റിപ്പോർട്ട്. യുഎസിലെ ആഭ്യന്തര വിമാന നിരക്കുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻതോതിൽ വർദ്ധിച്ചതായി പ്രമുഖ ഫെയർ അഗ്രിഗേറ്ററായ ഹോപ്പർ വ്യക്തമാക്കി.
താങ്ക്‌സ് ഗിവിംഗ് അവധിക്കാലത്ത് യുഎസിലെ ആഭ്യന്തര റൗണ്ട് ട്രിപ്പ് ടിക്കറ്റിന്റെ ശരാശരി നിരക്ക് 402 ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 95 ഡോളറിന്റെ വർദ്ധനവാണിത്. ക്രിസ്മസ് കാലത്തെ ശരാശരി ടിക്കറ്റ് നിരക്ക് 452 ഡോളറിലെത്തി. നിലവിൽ അമേരിക്കയിലെ ആഭ്യന്തര വിമാന നിരക്കുകൾ കഴിഞ്ഞ വർഷത്തേക്കാൾ 31 ശതമാനത്തോളം ഉയർന്ന നിലയിലാണ്. ഇറാൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിതരണം തടസ്സപ്പെട്ടതാണ് ഇന്ധനവില കുത്തനെ കൂട്ടിയത്. ഫെബ്രുവരിയിൽ ബാരലിന് 99 ഡോളറായിരുന്ന വിമാന ഇന്ധന വില ഏപ്രിലിൽ 209 ഡോളറിലേക്ക് കുതിച്ചുയർന്നിരുന്നു.
ഇന്ധനച്ചെലവ് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 30 ശതമാനത്തോളം വരുന്നതിനാൽ, നഷ്ടം നികത്താൻ സർവീസ് ചാർജുകൾ കൂട്ടാനും ചില റൂട്ടുകൾ വെട്ടിച്ചുരുക്കാനും കമ്പനികൾ നിർബന്ധിതരായി. ഒക്ടോബർ 31-ന് മുൻപായി യാത്രക്കാർ ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്നും, തിരക്കേറിയ ദിവസങ്ങൾ ഒഴിവാക്കി ആഴ്ചയുടെ മധ്യത്തിലുള്ള ദിവസങ്ങളിൽ യാത്ര പ്ലാൻ ചെയ്യുന്നത് ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നും യാത്രാ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.














