കണക്റ്റിക്കട്ട്: അമേരിക്കയിലെ കണക്റ്റിക്കട്ട് സംസ്ഥാനത്തെ നോർവിച്ച് നഗരത്തിന്റെ ഇന്ത്യൻ വംശജനായ മേയർ സ്വർൺജീത് സിങ് കുടിയേറ്റ സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. നഗരത്തിൽ സമീപകാലത്ത് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) നടത്തിയ നടപടികളെ വിമർശിച്ച അദ്ദേഹം, ഐസിഇ ഉദ്യോഗസ്ഥർ ഇവിടെ നിന്ന് മടങ്ങിപ്പോകണം എന്ന് വ്യക്തമാക്കി.നോർവിച്ചിന്റെ ആദ്യ സിഖ് മേയറായ സ്വർൺജീത് സിങ് പുറത്തിറക്കിയ പ്രസ്താവനയിൽ, കുടിയേറ്റ പദവി കാരണം നഗരത്തിലെ ആരും ജോലിക്ക് പോകാനോ കുട്ടികളെ സ്കൂളിലയക്കാനോ പ്രാദേശിക പൊലീസുമായി ബന്ധപ്പെടാനോ ഭയപ്പെടേണ്ട സാഹചര്യമുണ്ടാകരുതെന്ന് പറഞ്ഞു.
നോർവിച്ചിലെ കുടിയേറ്റ സമൂഹത്തോടൊപ്പം ഞാൻ എപ്പോഴും നിന്നിട്ടുണ്ട്, ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ പൊലീസ് കണക്റ്റിക്കട്ട് ട്രസ്റ്റ് ആക്ട് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും, കുടിയേറ്റ പദവി മാത്രം പരിഗണിച്ച് ആരെയും തടയുകയോ ഐസിഇയുടെ നടപടികൾക്ക് സഹായം നൽകുകയോ ചെയ്യുന്നില്ല. ഐസിഇയുടെ സമീപകാല നടപടികൾക്ക് പിന്നാലെ സമൂഹനേതാക്കളുമായും സന്നദ്ധ സംഘടനകളുമായും സംസ്ഥാന അധികൃതരുമായും ചർച്ച നടത്തിയെന്നും നഗരത്തിലെ എല്ലാ താമസക്കാർക്കും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്നും സ്വർൺജീത് സിങ് വ്യക്തമാക്കി.
നമ്മുടെ കുടിയേറ്റ സമൂഹം നോർവിച്ചിന്റെ അവിഭാജ്യ ഘടകമാണ്. അവരുടെ ആശങ്കകൾ കേൾക്കുകയും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും. ഗവർണർ നെഡ് ലാമോണ്ടിന്റെ നിലപാടാണ് എനിക്കും എന്നും മേയർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഈ നിലപാട് സമൂഹമാധ്യമങ്ങളിൽ വലിയ വിവാദത്തിന് വഴിവെച്ചു. 2007-ൽ അന്താരാഷ്ട്ര വിദ്യാർത്ഥിയായി അമേരിക്കയിലെത്തിയ സ്വർൺജീത് സിങ് ആദ്യം നാടുകടത്തപ്പെടണമെന്നും, വിദേശത്ത് ജനിച്ചവർക്ക് പൊതുപദവികൾ വഹിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് നിരവധി വിമർശനങ്ങളും ഉയർന്നു.
ഇതിനിടെ, സ്വർൺജീത് സിങ്ങിനും കുടുംബത്തിനുമെതിരെ അടുത്തിടെ ഭീഷണികൾ ഉയർന്നിരുന്നു. ഈ സംഭവത്തെ വിദ്വേഷ കുറ്റകൃത്യമായി (Hate Crime) പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Indian-origin mayor of US city asks ICE to ‘go home’, says he will always support the immigrant community










