യുഎസിൽ പാർക്കിൽ വെച്ച് യുവതിയെയും കുഞ്ഞിനെയും ആക്രമിച്ചു; ഇന്ത്യൻ യുവാവ് പിടിയിൽ, നാടുകടത്താൻ നീക്കം

സാൻ ആൻ്റണിയോ: അമേരിക്കയിലെ ടെക്സസിൽ പാർക്കിൽ വെച്ച് യുവതിയെയും മൂന്ന് വയസ്സുകാരിയെയും ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഇന്ത്യൻ പൗരൻ പിടിയിലായി. അഥർവ വ്യാസ് (24) എന്ന യുവാവാണ് സാൻ ആൻ്റണിയോ പൊലീസിൻ്റെ പിടിയിലായത്. ഇയാൾ നിയമവിരുദ്ധമായാണ് അമേരിക്കയിൽ തുടരുന്നതെന്നും ഒരു സ്ഥിരം കുറ്റവാളിയാണെന്നും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) വ്യക്തമാക്കി.

ഏപ്രിൽ 18-ന് സാൻ ആൻ്റണിയോയിലെ എസ്പാഡ പാർക്കിലായിരുന്നു സംഭവം. ഗബ്രിയേല പെരസ് എന്ന യുവതിയെയും മകൾ അമലിയയെയും പ്രതി യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. കുഞ്ഞിനെയും കൈയിലെടുത്ത് പാർക്കിൽ നടക്കുകയായിരുന്ന ഗബ്രിയേലയെ അഥർവ പിന്നിൽനിന്നു മുടിയിൽപിടിച്ച് വലിക്കുകയായിരുന്നു. ഉടൻ അമ്മയും കുഞ്ഞും താഴെവീണു. നിലത്തുവീണ കുഞ്ഞിനെ പ്രതി കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മൂന്നു വയസുകാരിക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കുകയും രണ്ട് പല്ലുകൾ നഷ്‌ടപ്പെടുകയും ചെയ്തു‌. കുട്ടിയുടെ ദേഹത്ത് കടിയേറ്റ പാടുകളുമുണ്ട്. പൊലീസ് എത്തുമ്പോഴേക്കും സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാൾ അഥർവിനെ പിടിച്ചുകെട്ടിയിരുന്നതായി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) പറയുന്നു.

ലഹരിക്കടിമപ്പെട്ട നിലയിലായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. 2023-ൽ സ്റ്റുഡൻ്റ് വിസയിലാണ് അഥർവ അമേരിക്കയിലെത്തിയത്. എന്നാൽ മുൻപ് നടന്ന മറ്റൊരു ആക്രമണക്കേസിനെ തുടർന്ന് 2024-ൽ ഇയാളുടെ വിസ റദ്ദാക്കിയിരുന്നു. വിസ റദ്ദാക്കിയിട്ടും രാജ്യം വിടാതെ അനധികൃതമായി തങ്ങുകയായിരുന്നു ഇയാൾ.

സാൻ ആൻ്റണിയോ ജയിലിലുള്ള പ്രതിയെ, ക്രിമിനൽ നടപടികൾ പൂർത്തിയായാലുടൻ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനാണ് അധികൃതരുടെ തീരുമാനം. ഇത്രയും ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ വിസ റദ്ദാക്കിയിട്ടും അമേരിക്കയിൽ തുടർന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Indian youth arrested for attacking woman and child in US, moves to deport him

More Stories from this section

family-dental
witywide