ഏകദേശം മൂന്ന് മാസമായി വിച്ഛേദിച്ചിരുന്ന ഇന്റർനെറ്റ് സേവനങ്ങൾ ഇറാനിൽ ഭാഗികമായി പുനഃസ്ഥാപിച്ചു തുടങ്ങി. രാജ്യത്തിന്റെ പ്രഥമ ഉപരാഷ്ട്രപതി മുഹമ്മദ് റസാ അറഫാണ് ഇക്കാര്യം അറിയിച്ചത്. “സ്വതന്ത്രവും നിയന്ത്രിതവുമായ സൈബർ പ്രവേശനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ് നടന്നു,” എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
ഇന്റർനെറ്റ് നിരീക്ഷണ സ്ഥാപനങ്ങളായ നെറ്റ്‌ബ്ലോക്സും കെന്റിക്കും ഉച്ചയ്ക്ക് ശേഷം ഭാഗികമായി സേവനം തിരിച്ചെത്തിയതായി സ്ഥിരീകരിച്ചു. എന്നാൽ രാജ്യത്തെ പല നെറ്റ്‌വർക്കുകളും ഇപ്പോഴും പൂർണമായി പ്രവർത്തനക്ഷമമായിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് സർക്കാർ രാജ്യത്ത് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചത്.
ചാരപ്രവർത്തനവും സൈബർ ആക്രമണങ്ങളും തടയാനായിരുന്നു നടപടിയെന്നാണ് സർക്കാർ വിശദീകരിച്ചത്. ഇന്റർനെറ്റ് സേവനം പൂർണമായി സ്ഥിരത കൈവരിക്കുമോയെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് നെറ്റ്‌ബ്ലോക്സ് അറിയിച്ചു. മുൻകാലങ്ങളിൽ നിയന്ത്രണങ്ങൾ നീക്കിയപ്പോഴുണ്ടായതുപോലെ സേവനം പൂർണമായി പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ എടുത്തേക്കാമെന്നും സംഘടന വ്യക്തമാക്കി.
വാട്‌സ്ആപ്പ് പോലുള്ള മെസേജിംഗ് ആപ്പുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടാകാമെന്ന സൂചനകളും ഉയരുന്നുണ്ട്. “കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിൽ ഇപ്പോഴും പലർക്കും ബുദ്ധിമുട്ട് നേരിടേണ്ടിവരും,” എന്ന് നെറ്റ്‌ബ്ലോക്സ് ഗവേഷണ ഡയറക്ടർ ഇസിക് മാതർ പറഞ്ഞു. ഇറാനിൽ ഓരോ തവണ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുമ്പോഴും കൂടുതൽ നിയന്ത്രണങ്ങളോടെയാണ് അത് തിരിച്ചെത്താറുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.
ഇതിനിടെ, വിലകൂടിയ VPN സേവനങ്ങളും അനധികൃത സാറ്റലൈറ്റ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് നിയന്ത്രണങ്ങൾ മറികടക്കാൻ ചില ഇറാനികൾ ശ്രമിച്ചുവരികയാണ്. ഏപ്രിൽ 8ലെ വെടിനിർത്തൽ കരാറിന് പിന്നാലെ “ഇന്റർനെറ്റ് പ്രോ” എന്ന പേരിൽ പ്രീമിയം ഇന്റർനെറ്റ് സേവനവും സർക്കാർ അവതരിപ്പിച്ചിരുന്നു. ബിസിനസുകൾക്കും പ്രൊഫഷണലുകൾക്കും അധിക ഫീസിന്റെ അടിസ്ഥാനത്തിൽ മെച്ചപ്പെട്ട സേവനം നൽകുന്ന പദ്ധതിയായിരുന്നു ഇത്. എന്നാൽ പദ്ധതിക്കെതിരെ വ്യാപക വിമർശനമുയർന്നു.
അതേസമയം, അമേരിക്കയുടെ പുതിയ വ്യോമാക്രമണങ്ങളെ ഇറാൻ ശക്തമായി അപലപിച്ചു. വെടിനിർത്തൽ കരാറിന്റെ “ഗുരുതര ലംഘനമാണ്” യുഎസ് നടപടിയെന്നാണ് ഇറാന്റെ ആരോപണം.
Internet access has started to be restored in Iran after being cut off almost three months ago, the country’s first vice-president has said.









